തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ 'സൂപ്പര്‍ ചടങ്ങ് തീര്‍ക്കല്‍'
തിരുവനന്തപുരം: രാജ്യത്ത് ഫുട്‌ബോള്‍ മാറ്റത്തിന്റെ പാതയില്‍ പന്തുതട്ടുമ്പോള്‍ തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചടങ്ങു തീര്‍ക്കലായി മാറി. കേരളത്തിലെ ഏറ്റവും മികച്ച ടീമുകളായ എസ്.ബി.ഐ കേരള, കെ.എസ്.ഇ.ബി, കേരള പൊലിസ്, ടൈറ്റാനിയം, ഏജീസ് കേരള, ആര്‍.ബി.ഐ, കോവളം എഫ്.സി ക്ലബുകളാണ് തിരുവനന്തപുരം സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നത്.
സന്തോഷ് ട്രോഫി ഉള്‍പ്പടെ കേരളത്തിന് സമ്മാനിച്ച സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് നടക്കുന്നത് പുല്ലുകിളിര്‍ക്കാത്ത യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍. ആവശ്യത്തിന് പന്തു പോലും ലീഗ് മത്സരത്തിന് നല്‍കിയിട്ടില്ല. പന്ത് പുറത്തു പോയാല്‍ എടുക്കാന്‍ കളിക്കാരോ റഫറിയോ തന്നെ ഓടണം. ആര്‍ക്കെങ്കിലും മത്സരത്തിനിടെ പരുക്കേറ്റാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ സംവിധാനമില്ല. ഡോക്ടറും ആംബുലന്‍സും ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിട്ടും സൂപ്പറായാണ് സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് നടക്കുന്നതെന്നാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പറയുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി 14 ടീമുകളാണ് സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നത്. ഗ്രൂപ്പ് എയില്‍ എസ്.ബി.ഐ കേരള, കേരള പൊലിസ്, ടൈറ്റാനിയം, ബ്ലാക്ക് ആരോസ്, ഗോള്‍ഡന്‍സ് ഈഗിള്‍സ്, യു.കെ എഫ്.സി, എസ്.എം.ആര്‍.സി എന്നിവര്‍. ഗ്രൂപ്പ് ബിയില്‍ കെ.എസ്.ഇ.ബി, എസ്.ബി.ഐ കേരള ജൂനിയര്‍, ഏജീസ് കേരള, കോവളം എഫ്.സി, ആര്‍.ബി.ഐ, കോസ്റ്റല്‍ ക്ലബ്, സെന്റ് മേരീസ് വെട്ടുകാട് ടീമുകള്‍. സംസ്ഥാന ഫുട്‌ബോളിലെ മികച്ച ടീമുകളിലേറെയും സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നു.
എന്നിട്ടും ലീഗ് ചടങ്ങു തീര്‍ക്കല്‍ പരിപാടിയായി മാറിയതോടെ വലയുന്നത് താരങ്ങളാണ്. ആകെയുള്ളത് നാല് പന്താണ്. പന്ത് പുറത്തേക്ക് പാഞ്ഞാല്‍ കളിക്കാരനോ റഫറിയോ ഓടണം. ഗോള്‍ പോസ്റ്റിന് പിന്നിലേക്കാണ് പന്തു പോകുന്നതെങ്കില്‍ ഗോളി വേണം പന്തെടുക്കാന്‍. 90 മിനിറ്റ് കളിയില്‍ പന്തെടുക്കാന്‍ തന്നെ വേണം ഏറെയും സമയം. ഇങ്ങനെ നഷ്ടമാവുന്ന സമയം പക്ഷെ അധികസമയമായി റഫറി അനുവദിക്കുന്നില്ല.
കാല്‍പന്തുകളില്‍ അത്യാവശ്യം വേണ്ടതാണ് സുരക്ഷ സംവിധാനങ്ങള്‍. വൈദ്യ സഹായം നല്‍കാനുള്ള യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ടൂര്‍ണമെന്റുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി മികച്ച രീതിയില്‍ കളി നടത്താനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷനും ജില്ലാ അസോസിയേഷനുകളും ഉള്ളത്. സംഘാടകരാവേണ്ട ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ചടങ്ങു തീര്‍ക്കലായി സൂപ്പര്‍ ലീഗിനെ കണ്ടതോടെ തിരിച്ചടി നേരിടുന്നത് താരങ്ങളാണ്.
പരുക്കേല്‍ക്കാതെ എങ്ങനെയും കളിച്ചു കയറുക എന്ന അവസ്ഥയിലാണ് താരങ്ങള്‍. ഇങ്ങനെയൊരു ലീഗിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് താരങ്ങളും പരിശീലകരും ഫുട്‌ബോള്‍ പ്രേമികളും ചോദിക്കുന്നത്. താരങ്ങളുടെ ഭാവിയെ മുന്നില്‍ കണ്ടെങ്കിലും മികച്ച രീതിയില്‍ കളി സംഘടിപ്പിക്കാന്‍ അധികൃതര്‍ തയാറാവണം. അസോസിയേഷനെ പേടിച്ച് ടീമുകളും താരങ്ങളും പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. പരാതിപ്പെട്ടാല്‍ അതോടെ താരവും ടീമും പണി വാങ്ങേണ്ടി വരും. താരങ്ങള്‍ക്ക് ആകെ ലഭിക്കുന്നത് കുടിവെള്ളം മാത്രം. കളിക്ക് മുന്‍പും ശേഷവും വസ്ത്രം മാറുന്നത് ഗാലറിയിലും സ്റ്റേഡിയത്തിലെ ഇടവഴിയിലും. ചെറുകിട ടൂര്‍ണമെന്റുകള്‍ക്കു പോലും സ്‌പോണ്‍സര്‍മാരെ കിട്ടുന്ന കാലത്താണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ അലംഭാവം.
കളിച്ച് തെളിഞ്ഞവര്‍ക്കും തെളിയാനിരിക്കുന്നവര്‍ക്കും കിട്ടുന്ന സാചര്യങ്ങള്‍ ഇതാണ്. ഇവിടെ നിന്ന് എങ്ങനെ നല്ല കളിക്കാരും കളിയുമുണ്ടാവും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലെ സൂപ്പര്‍ ഡിവിഷന്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
കളിക്കാര്‍ക്ക് കുറച്ചെങ്കിലും സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സംഘാടകര്‍ തയ്യാറാവണം. തിരുവനന്തപുരത്ത് ഫുട്‌ബോളിന് മൈതാനങ്ങള്‍ കിട്ടുന്നില്ലെന്നാണ് ഡി.എഫ്.എയുടെ പരാതി. സ്റ്റേഡിയങ്ങള്‍ കിട്ടാന്‍ 25000 വരെ വാടക ചോദിക്കുന്നുവത്രേ. അതിനാല്‍ പരിശീലനം എന്ന പേരിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."