മയക്കുമരുന്നിനെതിരേ വിദ്യാര്‍ഥി കേന്ദ്രീകൃത ബോധവല്‍ക്കരണം നടത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നും മദ്യാസക്തിയും തടയാന്‍ വിദ്യാര്‍ഥി കേന്ദ്രീകൃത ബോധവല്‍ക്കരണം നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെയും സന്നദ്ധപ്രവര്‍ത്തകരെയും സഹകരിപ്പിച്ചുകൊണ്ടുള്ള പൊതുബോധവല്‍ക്കരണത്തിന് പുറമെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃത ബോധവല്‍ക്കരണം. നിയമം വഴി നിരോധിച്ചതുകൊണ്ട് മാത്രം ഈ ദൂഷ്യം തടയാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നിയമവും ശിക്ഷയും ബോധവല്‍ക്കരണവും ശക്തമാക്കിക്കൊണ്ടുള്ള ബഹുമുഖ പോരാട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്നുമായി പിടിയിലാകുന്നവര്‍ക്ക് എളുപ്പത്തിലുള്ള രക്ഷപ്പെടാവുന്ന വ്യവസ്ഥകളുള്ള നിയമമാണ് നിലവിലുള്ളതെന്നും ശിക്ഷ താരതമ്യേന ലഘുവാണെന്നും ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഒരു കിലോഗ്രാമില്‍ കുറഞ്ഞ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ എളുപ്പം ജാമ്യം നല്‍കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ശിക്ഷ കര്‍ശനമാക്കിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി.വി മുരളീധരന്‍, കൗണ്‍സിലര്‍ സുഷമ എസ്. ജേക്കബ്, ഡോ. അബ്ദുല്ല ചെറയക്കാട്ട്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ സുരേഷ്, കെ. മുരളീധരന്‍, കെ. രതീഷ്, കെ.സി കരുണാകരന്‍, ജി. ഹരികൃഷ്ണപ്പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."