എ.ടി.എമ്മിന് സര്‍വീസ് ചാര്‍ജില്ല: പോസ്റ്റല്‍ സേവിങ്‌സ് ബാങ്കിനു പ്രിയമേറുന്നു
തൊടുപുഴ: സര്‍വീസ് ചാര്‍ജുകളൊന്നും കൂടാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാവുന്ന പോസ്റ്റ് ഓഫിസ് അക്കൗണ്ടിന് പ്രചാരമേറുന്നു.
പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും എ.ടി.എമ്മില്‍ നിന്നു പണമെടുക്കുന്നതിനു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നുമില്ലാത്ത പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ തിരക്കായത്.
അക്കൗണ്ട് തുടങ്ങാന്‍ 50 രൂപ മാത്രം മുടക്കിയാല്‍ മതിയെന്നതും പോസ്റ്റല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എ.ടി.എം കൗണ്ടറുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ടെന്നതുമാണ് പോസ്റ്റല്‍ അക്കൗണ്ട് എ.ടി.എം സംവിധാനത്തെ ജനകീയമാക്കുന്നത്. കൂടുതല്‍ ആളുകള്‍ അക്കൗണ്ട് ആരംഭിക്കുന്നതിനായി എത്തിയതോടെ ജില്ലയിലെ മിക്ക പോസ്റ്റ് ഓഫിസുകളിലും കഴിഞ്ഞദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു.
2017 ജനുവരി മുതലാണ് പോസ്റ്റല്‍ എ.ടി.എം ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എ.ടി.എം മെഷിനില്‍നിന്നു പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ബാങ്കുകളില്‍നിന്നു ലഭിക്കുന്ന എ.ടി.എം കാര്‍ഡ് പോസ്റ്റ് ഓഫിസിലെ എ.ടി.എമ്മിലും ഉപയോഗിക്കാം. സാധാരണക്കാരായ ജനങ്ങള്‍ക്കു പോസ്റ്റല്‍ അക്കൗണ്ട് ഏറെ ഉപകാരപ്രദമായിരിക്കുകയാണ്. പോസ്റ്റല്‍ അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്കു റൂപേ എ.ടി.എം കാര്‍ഡാണ് നല്‍കുന്നത്. ജില്ലയില്‍ പോസ്റ്റല്‍ വകുപ്പിന്റെ രണ്ട് എ.ടി.എം കൗണ്ടറുകളാണുള്ളത്. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തിലും കുമളി പോസ്റ്റ് ഓഫിസിനോടനുബന്ധിച്ചുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
മൂന്നാറില്‍ എ.ടി.എം കൗണ്ടര്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായും മെഷിന്‍ സ്ഥാപിക്കുന്നത് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എ.ടി.എം പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയില്‍ പോസ്റ്റല്‍ വകുപ്പിനു സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ നിലവില്‍ ഇവിടെ എടിഎം കൗണ്ടര്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധികൃതര്‍ പറയുന്നു. ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാമെന്നതിനാല്‍ പോസ്റ്റല്‍ എടിഎം കൗണ്ടറുകളുടെ കുറവ് ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. ബംഗളുരുവില്‍ നിന്നെത്തിക്കുന്ന എ.ടി.എം കാര്‍ഡുകള്‍ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍നിന്നാണ് സബ് ഓഫിസുകളിലേക്കു വിതരണം ചെയ്യുന്നത്.
ഏറെക്കാലമായി അധികമാരും തിരിഞ്ഞുനോക്കാത്ത തപാല്‍ വകുപ്പിനു നഷ്ടമായ ഗ്ലാമര്‍ തിരിച്ചു കിട്ടാന്‍ ബാങ്കുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധന കാരണമായി. അധികം വൈകാതെ നെറ്റ് ബാങ്കിങ് സംവിധാനം കൂടി അക്കൗണ്ട് ഉപയോക്താക്കള്‍ക്കായിഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണു തപാല്‍ വകുപ്പ്. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടു ഫോട്ടോയും നല്‍കിയാല്‍ ആര്‍ക്കും പോസ്റ്റല്‍ സേവിങ്‌സ് അക്കൗണ്ട് തുറക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."