നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍: ലൈന്‍ വലിക്കില്ലെന്ന്
മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ നോട്ടിഫൈ ചെയ്യാത്ത ചേന്ദമംഗല്ലൂര്‍ ഭാഗത്ത് കൂടി ലൈന്‍ വലിക്കില്ലെന്ന് ജോര്‍ജ് എം തോമസ് എം.എല്‍.എ ഉറപ്പു നല്കി. ചേന്ദമംഗല്ലൂരിലെ സമരസമിതി നേതാക്കള്‍ എം.എല്‍.എയെ കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഈ വാഗ്ദാനം നല്‍കിയത്. ലൈന്‍ സ്ഥാപിക്കാനുദേശിക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ പ്രദേശങ്ങളില്‍ കനത്ത പ്രതിഷേധമുണ്ടായപ്പോഴാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ ബദല്‍ വഴി തേടി ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തെ ചേന്ദമംഗല്ലൂരിലെ സ്ഥലങ്ങള്‍ സര്‍വെ നടപടിക്കായി സന്ദര്‍ശിച്ചത്.എന്നാല്‍ സന്ദര്‍ശനത്തിലെ ദുരൂഹത തിരിച്ചറിഞ്ഞ മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിന്കുട്ടിയുടെയും വാര്‍ഡ് കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, അനില്‍ മാസ്റ്റര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഉടനടി ജനകീയ സമരസമിതി രൂപവത്ക്കരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ പ്രാദേശിക പ്രതിരോധ കമ്മിറ്റി രൂപീകരിക്കുകയും ഗെയിലിനെതിരെ നിയമനടപടിക്കായി മുന്നേറ്റം നടത്തുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് പ്രക്ഷോഭത്തിന്റെ ആദ്യപടിയായി സമരസമിതി നേതാക്കള്‍ സ്ഥലം എം.എല്‍ എയെ കണ്ട് സംസാരിച്ചത്. ചര്‍ച്ചയില്‍ മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, അനില്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പി.കെ.അബ്ദുറസാഖ്, പി.ടി. കുഞ്ഞാലി, ബന്ന ചേന്ദമംഗല്ലൂര്‍, പി.മുസ്തഫ, കെ.പി.ഇബ്രാഹിം, വിനോദ് പൂളക്കുത്ത്, സാലിഹ് കൊടപ്പന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."