സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചു
ഈരാററുപേട്ട: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ധാരാളം അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പല തലത്തില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനകള്‍ നടത്തുന്നതിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ഡേറ്റ എന്‍ട്രി തടഞ്ഞിരുന്നു.
ഇതുമൂലം എന്‍ട്രിയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളില്‍ വന്ന തെറ്റുകള്‍ പോലും തിരുത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതുമൂലം അര്‍ഹരാണെന്ന് കണ്ട് പെന്‍ഷന്‍ അനുവദിച്ചിട്ടും നിരവധി പേര്‍ക്ക് സംസ്ഥാനത്ത് പെന്‍ഷന്‍ കിട്ടാത്ത സാഹചര്യം ഉണ്ടായി.
സാക്ഷ്യ പത്രത്തിലെ പിശക്, ബാങ്ക് അക്കൗണ്ടിലെ പിശക്, ആധാര്‍ നമ്പറിലെ തെറ്റ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഡിജിറ്റല്‍ സൈന്‍ ചെയ്യാത്തത് തുടങ്ങിയ തെറ്റുകള്‍ മൂലം പലരുടെയും പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഡേറ്റാ ബേസില്‍ തിരുത്തല്‍ വരുത്താന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിലാണ് തെറ്റുകള്‍ തിരുത്താനായി 20 ദിവസത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഡേറ്റാ ബേസില്‍ ഉള്‍പ്പെടുകയും എന്നാല്‍ വിവിധ പിശകുകള്‍ മൂലം പെന്‍ഷന്‍ ലഭിക്കാത്തവരുടെ തെറ്റുകള്‍ തിരുത്തുന്നതിന് മാത്രമെ അനുമതിയുള്ളു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം വിവിധ കാരണങ്ങളാല്‍ അനര്‍ഹരാണെന്ന് കണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ട ഗുണഭോക്താക്കളെ അടിയന്തിരമായി ഡേറ്റാ ബേസില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ മാര്‍ നീക്കം ചെയ്യണമെന്നും, ഇത്തരത്തില്‍ അനര്‍ഹരാണെന്ന് കണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ട ഗുണഭോക്താക്കളെ തിരികെ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഡേറ്റാ ബേസില്‍ തെറ്റ് പറ്റിയതുമൂലം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."