കാവേരി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: കാവേരിനദിയിലെ ജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള പദ്ധതി സുപ്രിംകോടതി അംഗീകരിച്ചു. പദ്ധതി നടപ്പാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കരട് ഭേദഗതിയോടെയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ച് അംഗീകരിച്ചത്. പദ്ധതി സംബന്ധിച്ച് കേരളം ഉന്നയിച്ച ആക്ഷേപങ്ങള്‍ തള്ളിയാണ് കോടതിയുടെ നടപടി.
ജലം പങ്കിടുന്നതു സംബന്ധിച്ച് കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള തര്‍ക്കം പരിഹരിച്ച് സുപ്രിംകോടതി ഫെബ്രുവരി 16നുപുറപ്പെടുവിച്ച അന്തിമ ഉത്തരവുമായി സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി പൊരുത്തപ്പെടുന്നതാണെന്നു ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചു. പദ്ധതി അന്തര്‍ സംസ്ഥാന നദീ തര്‍ക്ക നിയമത്തിന്റെ സെക്ഷന്‍ 6 എ അനുശാസന പ്രകാരമാണെന്നും കോടതി വ്യക്തമാക്കി.
തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവിലാണ് പദ്ധതി തയാറാക്കാനുള്ള നിര്‍ദേശം ഉള്ളത്. ഇതുപ്രകാരം കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി സമര്‍പ്പിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിനെതിരേ തമിഴ്‌നാട് കോടതിയലക്ഷ്യത്തിന് ഹരജി നല്‍കിയിരുന്നു.
എന്നാല്‍, മൂന്നംഗബെഞ്ചിലെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ എഴുതിയ ഇന്നലെ പുറത്തുവന്ന വിധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കോടതിയലക്ഷ്യനടപടികള്‍ ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
പദ്ധതി തയാറാക്കുന്നിനുള്ള കാലതാമസം സര്‍ക്കാരിന്റെ പരിധിക്ക് അപ്പുറത്തുള്ള കാരണം കൊണ്ടാണെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബോര്‍ഡിന്റെ ഭരണപരമായ ചെലവുകളുടെ 40 ശതമാനം വീതം കര്‍ണാടകയും തമിഴ്‌നാടും 15 ശതമാനം കേരളവും അഞ്ചു ശതമാനം പുതുച്ചേരിയും വഹിക്കണമെന്ന് പദ്ധതിയുടെ കരടിലുണ്ടായിരുന്നു.
എന്നാല്‍, ഈ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും നിലവില്‍ കാവേരിനദിയില്‍ നിന്നു നാലുശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തിനു ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ചെലവ് ഇനത്തിലുള്ള തുകയുടെ 15 ശതമാനം വഹിക്കാനാവില്ലെന്നും കേരളം വാദിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ഈയാവശ്യങ്ങളാണ് കോടതി തള്ളിയത്. അണക്കെട്ടുകളുടെയും ജലസംഭരണിയുടെയും നിയന്ത്രണം സംസ്ഥാനങ്ങള്‍ക്കു വേണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."