കായംകുളത്ത് വീടുപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന
കായംകുളം : കായംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീടുപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മുപ്പത്തി ആറ് സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് പോയത്. മുന്‍വര്‍ഷങ്ങളില്‍ ഇത് ഇരുപത്തി അഞ്ചിന് താഴെ മാത്രമായിരുന്നു. രണ്ടായിരത്തി പതിനഞ്ചില്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്.
2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്. 2018 പകുതിവരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ആക്ട് അന്‍പത്തിഏഴാം വകുപ്പ് പ്രകാരം കേസെടുത്ത് പ്രഥമ വിവര റിപ്പോര്‍ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കും. ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഇഷ്ടപ്രകാരം പറഞ്ഞയക്കും. പോകാന്‍ ഇടമില്ലാത്ത ആളാണെങ്കില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് വിടുകയാണ് പതിവ്.
18 വയസ്സിനു താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളോടൊപ്പമോ, ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയക്കും. കാണാതാകുന്നവര്‍ തിരികെ വരുന്ന മുറക്ക് മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴിയെടുത്ത ശേഷം കേസന്വേഷണം അവസാനിപ്പിക്കും.
വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ അഡ്വ.ഒ ഹാരിസിന് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്.
അതേ സമയം കായംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 3550 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമം ലംഘിച്ചും മദ്യപിച്ചു വാഹനമോടിച്ചും നിയമ ലംഘനം നടത്തിയവരുടെ എണ്ണം മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. 237 വാഹനാപകടങ്ങള്‍ നടന്നു. അതില്‍ 28 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ കുറ്റവാളികളായി പന്ത്രണ്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനകേസ്സുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിത സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കോടതിയില്‍ നേരിട്ടു ഫയല്‍ ചെയ്യുന്നതില്‍ നേരിയ വര്‍ധനവ് ഉണ്ട്. മദ്യവുമായി ബന്ധപ്പെട്ട അബ്കാരി കേസുകള്‍ കുറഞ്ഞെങ്കിലും നിരോധിക്കപ്പെട്ട കഞ്ചാവ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 3209 പേര്‍ക്ക് സ്റ്റേഷനില്‍ നിന്നും നേരിട്ടു ജാമ്യം നല്‍കിയിരുന്നു. നിരോധിത നോട്ടുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ഒരു കേസ്സെടുത്തു. ബാലപീഡന കേസ്സു പത്തെണ്ണം രജിസ്റ്റര്‍ ചെയ്തു.
ഇരുപത്തിരണ്ടു പുരുഷന്മാരും നാലു സ്ത്രീകളുമാണ് കഴിഞ്ഞ വര്‍ഷം ജീവിതം ഉപേക്ഷിച്ചത്. 2016 ല്‍ 37 പേരും 2014 ല്‍ 71 പേരുമാണ് ജീവിതംപാതിവഴിക്ക് ഉപേക്ഷിച്ചു പോയത്. കൊലപാതക കേസുകള്‍ രണ്ടെണ്ണമാണ് കഴിഞ്ഞവര്‍ഷം ഈ സ്റ്റേഷന്‍ അതൃത്തിയില്‍ നടന്നത്.
എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍ വ്യവഹാരങ്ങളും സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള ചെക്ക് കേസുകളും കുറഞ്ഞിട്ടുണ്ട്. പിഴ ഒടുക്കി തീര്‍പ്പു കല്പിക്കാവുന്ന ട്രാഫിക് കുറ്റകൃത്യങ്ങളും പൂവാല ശല്യവും ഉള്‍പ്പെടുന്ന പെറ്റി കേസുകള്‍ വര്‍ധിച്ചു.അതുമൂലം പ്രതിമാസം ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് കായംകുളം കോടതിയില്‍ നിന്നും പിഴയിനത്തില്‍ അടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."