കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കാസര്‍കോട്ട് 76 കോടിയുടെ പദ്ധതി
കാസര്‍കോട്: നഗരസഭയിലെയും ചെമ്മനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 76കോടി രൂപയുടെ പദ്ധതി. കിഫ്ബി സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ കെ. ജീവന്‍ ബാബു, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ടി.വി ബാലന്‍, നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സംബന്ധിക്കും.
കാസര്‍കോട് നഗരസഭയിലെയും ചെമ്മനാട് പഞ്ചായത്തില്‍പ്പെട്ട പെരുമ്പള, ചെമ്മനാട്, തെക്കീല്‍, കളനാട് എന്നീ വില്ലേജുകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
76 കോടി രൂപയുടെ പദ്ധതി 2019ല്‍ പൂര്‍ത്തീകരിച്ച് 2020 ആദ്യം തന്നെ കമ്മിഷന്‍ ചെയ്യാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കാസര്‍കോട് നഗരസഭയില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ഒരു പദ്ധതിയും ചെമ്മനാട് പഞ്ചായത്തില്‍ അഞ്ചു ചെറുകിട കുടിവെള്ള പദ്ധതികളും നിലവിലുണ്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ 76 കോടി രൂപയുടെ ബൃഹത് പദ്ധതിയും വരുന്നത്. ബാവിക്കരയിലെ 26 കോടി രൂപയുടെ പദ്ധതി കൂടി പൂര്‍ത്തീകരിക്കുന്നതോടെ കാസര്‍കോടെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാകും.
ചന്ദ്രഗിരിപ്പുഴയിലുള്ള ബാവിക്കരയിലെ കിണറില്‍നിന്നു കാസര്‍കോടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കും. പദ്ധതി രണ്ടുഘട്ടങ്ങളായാണ് നടപ്പാക്കുക. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ 1,20,000ത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കേരള വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ പ്രൊജക്ട് എന്‍ജിനിയര്‍ ഡി.കെ രത്‌നകുമാര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ പി.ആര്‍ ഉഷ, കെ. ഗിരീഷ് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."