അടൂര്‍ മൗണ്ട്‌സിയോണ്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
പത്തനംതിട്ട: അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് അടൂര്‍ മൗണ്ട്‌സിയോണ്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. ഇതേതുടര്‍ന്ന് മൂന്ന് അധ്യാപികമാരെ മാനേജ്മന്റ് സസ്പന്‍ഡ് ചെയ്തു. പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടികയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അധ്യാപികമാര്‍ക്കും കോളജ് പ്രിന്‍സിപ്പാളിനും എതിരേ പത്തനാപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നാം വര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
ഞായറാഴ്ച വൈകിട്ട് തന്റെ വീട്ടില്‍വച്ചാണ് അമിതമായി ഉറക്കഗുളിക കഴിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പഠനത്തിന്റെ ഭാഗമായി കോളജില്‍ നടന്ന പരിശീലനത്തിനു ശേഷം വീട്ടിലെത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരമായുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് സംഭവമെന്ന് രക്ഷിതാക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനാപുരം പൊലിസ് കോളജ് പ്രിന്‍സിപ്പാളിനും മറ്റ് മൂന്ന് അധ്യാപികമാര്‍ക്കും എതിരേ കേസ് എടുക്കുകയായിരുന്നു.
അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നു കാട്ടി രക്ഷിതാക്കള്‍ നേരത്തേ പൊലിസില്‍ പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലിസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ആത്മഹത്യാ ശ്രമത്തെതുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പിടിഎ മീറ്റിംഗില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കോളജ് മാനേജ്മന്റിനെതിരേ പ്രസംഗിച്ചതിനു ശേഷമാണ് മാനസിക പീഡനം തുടങ്ങിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്റേണല്‍ പരീക്ഷക്ക് മാര്‍ക്ക് കുറയ്ക്കുമെന്നും മറ്റുമുള്ള ഭീഷണിയും കുട്ടിക്കുനേരെ ഉയര്‍ന്നത്രേ. അധ്യാപികമാരെ സസ്പന്‍ഡ് ചെയ്ത് സംഭവം ഒതുക്കിത്തീര്‍ക്കാനാണ് മാനേജ്മന്റ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകര്‍ കോളജ് മാനേജരെ ഉപരോധിച്ചു.
ഇതിനു പിന്നാലെയാണ് അധ്യാപകരെ സസ്പന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പാളിനെതിരെയും നടപടി ഉണ്ടാകുമെന്ന് മാനേജര്‍ അറിയിച്ചു. സംഭവത്തെകുറിച്ച് പത്തനാപുരം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."