HOME
DETAILS

മദ്‌റസാ അധ്യാപകന്റെ കൊലപാതകം; ഞെട്ടല്‍ മാറാതെ അബ്ദുല്‍അസീസ് വഹബി

  
backup
March 21 2017 | 19:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-2

കാസര്‍കോട്: പള്ളിയില്‍ വച്ച് മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ ഖത്വീബ് അബ്ദുല്‍അസീസ് വഹബി. റിയാസ് മുസ്‌ലിയാര്‍ അക്രമികളുടെ കുത്തേറ്റുവീണ പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുറിക്കു സമീപം മറ്റൊരു മുറിയില്‍ അബ്ദുല്‍അസീസ് വഹബിയും ഉണ്ടായിരുന്നു. സംഭവം സുപ്രഭാതത്തോടു വിശദീകരിക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നു മുക്തമാകാതെ അബ്ദുല്‍അസീസ് വഹബിയുടെ വാക്കുകള്‍ ഇടയ്ക്കിടെ മുറിയുന്നുണ്ടായിരുന്നു. രാത്രി പള്ളിയുടെ മുകളിലത്തെ നിലയില്‍ റിയാസ് മുസ്‌ലിയാര്‍ക്കൊപ്പം ഭക്ഷണംകഴിച്ച് 9.30ഓടെയാണു അബ്ദുല്‍അസീസ് വഹബി, മറ്റു മദ്‌റസാ അധ്യാപകരായ ഹൈദര്‍ മുസ്‌ലിയാര്‍, ഉവൈസ് മുസ്‌ലിയാര്‍, ഗസ്സാലി മുസ്‌ലിയാര്‍ എന്നിവര്‍ പിരിഞ്ഞത്.
11.45ഓടെ ഉറങ്ങാന്‍കിടന്ന് പത്തുമിനിറ്റിനു ശേഷമാണു പള്ളിയുടെ ഹൗളിന്റെ (അംഗ ശുദ്ധിക്കുള്ള ഇടം) ഗേറ്റ് തുറക്കുന്ന ശബ്ദംകേട്ടത്. പിന്നാലെ ആളുകളുടെ ബഹളവും കേട്ടു. ഈസമയം ലൈറ്റും ഓഫായിരുന്നു. മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അക്രമികളിലൊരാള്‍ കല്ലെറിഞ്ഞെങ്കിലും ഉടന്‍ വാതില്‍ അടച്ചതിനാല്‍ ദേഹത്ത് പതിച്ചില്ല. മഹല്ല് സെക്രട്ടറി സി. സുലൈമാനെ വിളിച്ച് അക്രമവിവരം അറിയിച്ചു. തുടര്‍ന്നു പള്ളി മൈക്കിലൂടെ ഖത്വീബ് വിവരമറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഈസമയം റിയാസിനു നേരേയാണു അക്രമം ഉണ്ടായതെന്നു മനസിലായിരുന്നില്ല. പിന്നീടു സമീപവാസികളെത്തി തക്ബീര്‍ മുഴക്കിയതിനെ തുടര്‍ന്നു കൂടുതല്‍ നാട്ടുകാരെത്തി.
അക്രമികള്‍ക്കായി പുറത്ത് തിരച്ചില്‍ നടത്തി റിയാസ് മുസ്‌ലിയാരുടെ മുറിയില്‍ എത്തിയപ്പോഴാണു ചോരയില്‍ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍ വെള്ളം നല്‍കാന്‍ നോക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടിലില്‍ നിന്നു മാറി നിലത്തായിരുന്നു മൃതശരീരം. രാത്രിയില്‍ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും പതിവാക്കിയിരുന്ന റിയാസ് മുസ്‌ലിയാരുടെ കൈയില്‍ മരണസമയത്ത് തസ്ബീഹ് മാലയും ഉണ്ടായിരുന്നു. പള്ളി ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലിസെത്തി പുലര്‍ച്ചെ 12.45ഓടെയാണു മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. ഈസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അബ്ദുല്‍അസീസ് വഹബി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം 3.30ഓടെയാണു പള്ളിയിലേക്കു മടങ്ങിയത്.
രാവിലെ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം.വി സുകുമാരന്റെ മുന്നില്‍ അബ്ദുല്‍അസീസ് വഹബി മൊഴി നല്‍കി. മലപ്പുറം മൂത്തേടം സ്വദേശിയായ അബ്ദുല്‍അസീസ് വഹബി കഴിഞ്ഞ റമദാനു ശേഷമാണു പഴയ ചൂരി മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖത്വീബായി എത്തിയത്. നേരത്തെ ചെങ്കള റഹ്മത്ത് നഗര്‍ പള്ളിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അടിയന്തര നടപടി വേണം: ജിഫ്‌രി തങ്ങള്‍

കാഞ്ഞങ്ങാട്: കാസര്‍കോട് പഴയ ചൂരി മസ്ജിദിലെ മുഅദ്ദിന്‍ റിയാസ് മുസ്്‌ലിയാരെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ക്രൂരമായി കഴുത്തറുത്ത് കൊന്ന നടപടി അത്യന്തം നികൃഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
നാടിന്റെ സമാധാനം കെടുത്താനുള്ള നിഗൂഢമായ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നത്. സംഭവം കേരളീയ സമൂഹത്തിനാകമാനം അപലപനീയമാണ്. ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി മതപണ്ഡിതനെ കൊലപ്പെടുത്തിയവര്‍ ലക്ഷ്യം വയ്ക്കുന്നത് സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. അത്തരം നീക്കങ്ങളെ തകര്‍ക്കേണ്ടത് ശാന്തിക്കും സമാധാനത്തിനും സൗഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന എല്ലാ മതവിശ്വാസികളുടെയും ബാധ്യതയാണ്.
ഒരു ദശാബ്ദത്തില്‍ അധികമായി കാസര്‍കോട്ടും പരിസരങ്ങളിലും നടക്കുന്ന സാമുദായിക നിറമുള്ള കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍ രക്ഷപ്പെട്ട ചരിത്രമാണുള്ളത്. അന്വേഷണ സംവിധാനത്തിന്റെ പാളിച്ചയും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വന്‍ സാമ്പത്തിക പിന്തുണയുമാണ് ഇതിന് കാരണമാകുന്നതെന്നാണ് കരുതുന്നത്.
ഉന്നത തല അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താന്‍ ഭരണകൂടം തയാറാകണം. പ്രതികള്‍ക്ക് പുറമേ ഇവരുടെ പിന്നിലുള്ള ആസൂത്രണ ശക്തികളേയും പുറത്ത് കൊണ്ട് വരണമെന്നും സംഭവത്തില്‍ വിശ്വാസികള്‍ വികാരത്തിന്നടിമപ്പെടാതെ ആത്മ സംയമനം പാലിക്കണമെന്നും ജിഫ്‌രി തങ്ങള്‍ ആഹ്വാനം ചെയ്തു.

വിശ്വാസികള്‍ ജാഗ്രതപാലിക്കണം: നേതാക്കള്‍

കോഴിക്കോട്: കാസര്‍കോട് ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍, ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന പ്രാഥമിക നിഗമനം ഗൗരവതരമാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ കാണേണ്ടത്.
വര്‍ഗീയതയ്ക്ക് വിത്ത് വിതയ്ക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുന്ന നിലപാടുകളില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗത കലാപകാരികള്‍ക്ക് ആക്കം കൂട്ടുകയാണ്. അതിനാല്‍ ഇത്തരം കേസുകള്‍ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. സമാധാനസന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതപണ്ഡിതര്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണ്. മതസൗഹാര്‍ദം തകര്‍ക്കാനും അവസരം മുതലെടുക്കാനും നടത്തുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരേ മതവിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

പ്രതികളെ ഉടന്‍ കണ്ടെത്തണം:
എസ്.വൈ.എസ്

കാസര്‍കോട് : റിയാസ് മുസ്്‌ലിയാരുടെ കൊല അത്യന്തം ഭീകരവും പൈശാചികവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സുന്നിയുവജന സംഘം ജന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബകര്‍, സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതപണ്ഡിതന്മാരും പുരോഹിതന്മാരും സന്യാസിമാരും വധിക്കപ്പെടുന്നത് കേരളത്തില്‍ അപൂര്‍വ സംഭവമാണ്. ആരാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്തലാണ് അടിയന്തരമായി ചെയ്യേണ്ടത്.
സമാധാനാന്തരീക്ഷത്തിന് വിഘാതമാകുന്ന യാതൊരു പ്രവര്‍ത്തനവും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. അക്രമികളെ ഒറ്റപ്പെടുത്താനും കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഗൂഢാലോചന
പുറത്തുകൊണ്ടുവരണം: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാ അധ്യാപകനെ കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ വച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയ ഘാതകരെ പിടികൂടണമെന്നും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പള്ളിയില്‍ വച്ച് ഒരു മത പണ്ഡിതനെ കൊലപ്പെടുത്തുന്നതിനു പിന്നില്‍ വലിയ തോതിലുള്ള വര്‍ഗീയ അജന്‍ഡകളുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ അനാവശ്യമായ ആശയക്കുഴപ്പവും പ്രകോപനവും സൃഷ്ടിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ചിലര്‍ ഹീനമായ നീക്കങ്ങള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. എത്രയും വേഗം പ്രതികളെ പിടികൂടാനും ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാനും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ട്.

പ്രകോപനം സൃഷ്ടിച്ച് പൊലിസ്

സ്വന്തം ലേഖകന്‍

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് റിയാസിന്റെ കൊലപാതകത്തെതുടര്‍ന്ന് പൊലിസ് ജില്ലയില്‍ പലയിടത്തും പ്രകോപനമുണ്ടാക്കിയെന്ന് ആരോപണം. മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കായി എത്തിയവരെ പലയിടത്തും പൊലിസ് തടഞ്ഞു. റോഡരികില്‍ നിര്‍ത്തിയ വാഹനങ്ങളുടെ ചില്ല് പൊലിസ് തകര്‍ക്കുകയും ഇരുചക്ര വാഹനയാത്രക്കാരുടെ ഹെല്‍മെറ്റ് എടുത്തുകൊണ്ടുപോവുകയും ചെയ്തതായും ആരോപണമുണ്ട്. പലയിടത്തും റോഡരികില്‍ കൂടി നടന്നു പോകുന്നവരെ പോലും അടിച്ചോടിച്ചു.
ഇന്നലെ രാവിലെ കാസര്‍കോട് നഗരത്തില്‍ കൂട്ടംകൂടി നില്‍ക്കുന്നവരെ പൊലിസ് അടിച്ചോടിക്കാന്‍ ശ്രമിച്ചത് പരസ്പരം കല്ലേറിന് ഇടയാക്കി. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൊലിസ് ലാത്തിവീശിയ ശേഷം എല്ലാവരും പിരിഞ്ഞുപോയിട്ടും അനാവശ്യമായി കണ്ണീര്‍വാതകം പ്രയോഗിക്കുകയാണെന്ന് ആരോപണമുണ്ട്. ഇതിനു സമാനമായ സംഭവങ്ങളാണ് ഉദുമ മുതല്‍ കാസര്‍കോട് വരെ നടന്നത്. മിക്കസ്ഥലത്തും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വരെ പൊലിസ് മറിച്ചിട്ടു. വാഹനങ്ങളില്‍ യാത്ര ചെയ്തവരെയും പൊലിസ് അസഭ്യം പറയുകയും ചെയ്തു. ഇന്നലെ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ രാഷ്ട്രീയ നേതാക്കളും പൊലിസ് നിലപാടില്‍ പ്രതിഷേധിച്ചു.
പൊലിസിന്റെ നടപടിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന് യോഗത്തില്‍ കലക്ടര്‍ ഉറപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago