ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം: സ്വന്തം കെട്ടിട നിര്‍മാണം ആരംഭിക്കുന്നു
മലപ്പുറം: വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിനായി സ്വന്തം കെട്ടിടം ഒരുങ്ങുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടം വരുന്നത്. 2014 ല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നു പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിന് 3.40 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വൈകല്യങ്ങള്‍ പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍, ബഹു വൈകല്യങ്ങള്‍, ഓട്ടിസം തുടങ്ങിയവ എത്രയും നേരത്തെ കണ്ടെത്തി, ആവശ്യമായ തെറാപ്പികളും ചികിത്സകളും കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നുണ്ട്.
കേരള സാമൂഹ്യനീതി വകുപ്പിനു വേണ്ടി കേരള സാമൂഹ്യസുരക്ഷാ മിഷനും ആരോഗ്യ വകുപ്പും സംയുക്തമായാണ് കേന്ദ്രത്തിന്റെ നിര്‍വഹണച്ചുമതല വഹിക്കുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തെിനാണ് നിര്‍മാണചുമതല.
കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസര്‍, ഡെന്റിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം നിലവില്‍ ലഭ്യമാണ്. രക്ഷിതാക്കള്‍ക്കുപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് സ്വന്തം കെട്ടിടം വരുന്നത്. ലിഫ്റ്റ് സൗകര്യമുള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുതുതായി അഞ്ച് തെറാപ്പി റൂമുകള്‍, ഒരു ഹൈഡ്രോ തെറാപ്പി റൂം, അസസ്‌മെന്റ് റൂം, ഗ്രൂപ്പ് തെറാപ്പി റൂം, അഡ്മിനിസ്‌ട്രേഷന്‍ ഹാള്‍, കോഡിനേറ്റര്‍ ഹാള്‍, സ്റ്റാഫ് റൂം, ഭിന്നശേഷി സൗഹൃദ റാംപ എന്നിവ പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ പ്രതിമാസം ശരാശരി 200 പേര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നുണ്ട്.
സ്വന്തം കെട്ടിടവും സൗകര്യങ്ങളുമാവുന്നതോടെ ഭാരിച്ച ചികിത്സാചെലവ് വരുന്ന ഈ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ കൂടി ചികിത്സക്കായി കേന്ദ്രത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."