കര്‍ഷകര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്ന് മൃഗസംരക്ഷണ സെമിനാര്‍
കൊല്ലം: ആറു മാസം കൊണ്ട് 40 കിലോഗ്രാം തൂക്കം എത്തുന്ന ബ്രോയിലര്‍ ആടുകളുടെ ചിത്രം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവയെക്കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷയിലായി കര്‍ഷകര്‍. ആടുകളെ സ്വന്തമാക്കാനും പരിപാലിക്കാനുമുള്ള വഴികള്‍ തേടിയവര്‍ക്കുമുന്നില്‍ പുതിയ അറിവുകളുടെ വിപുല ശേഖരമാണ് തുറന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന നവകേരളം2018 പ്രദര്‍ശന മേളയോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു.
ക്ലേശരഹിതമായ മൃഗപക്ഷി പരിപാലനം, ഹൈടെക് ഫാമുകളുടെ നിര്‍മാണരീതി, കാലി വളര്‍ത്തല്‍ സംരംഭങ്ങളുടെ ധനസോത്രസുകള്‍, മുട്ടക്കോഴികാട വളര്‍ത്തല്‍ യൂനിറ്റുകളുടെ ലൈസന്‍സ് നിയമങ്ങള്‍, മൃഗപക്ഷികളുടെ പരിപാലനത്തിലെ സംരംഭകത്വ സാധ്യതകള്‍ തുടങ്ങിയ വിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ സാധ്യതകളും സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളുമെല്ലാം വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കര്‍ഷകര്‍ക്കായി പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് ജില്ലാ മേധാവി സി. രവീന്ദ്രന്‍ പിള്ള അധ്യക്ഷനായി. മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ബി. അജിത് ബാബു, ഡോ. ഡി. ഷൈന്‍ കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ബി.ജി സിബി ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."