കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരേ വീണ്ടും കൊലപാതക ആരോപണം
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചകേസില്‍ അറസ്റ്റിലായ മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേലിനെതിരേ (വിജയന്‍ 66) വീണ്ടും കൊലപാതക ആരോപണം. അയല്‍വാസിയായ പതിനാലുകാരന്റെ ദൂരുഹ മരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേ വിക്ടറിന്റെ അയല്‍വാസികളായിരുന്ന, മരിച്ച കുട്ടിയുടെ മാതാവാണ് വിക്ടറിനെതിരേ പരാതി നല്‍കിയത്. 2010ലാണ് വിക്ടറിന്റെ അയല്‍വാസിയായ പതിനാലുകാരനെ മരിച്ചനിലയില്‍ കാണപ്പെട്ടത്. വിക്ടറും മകനും ചേര്‍ന്നു പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണു മാതാവിന്റെ പരാതി. കുട്ടിയുടെ മാതാവും സഹോദരിയും പിതാവിനൊപ്പം ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് കുട്ടി വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മരണം കൊലപാതകമാണെന്ന് അന്നു തന്നെ കുടുംബം കുണ്ടറ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൃത്യമായി അന്വേഷിക്കാന്‍ പൊലിസ് തയാറായില്ല. പണം തന്നാല്‍ അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പൊലിസെന്ന് വീട്ടുകാര്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ പത്തുവയസുകാരിയുടെ മരണത്തെക്കുറിച്ചും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെക്കുറിച്ചുമുള്ള വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കുടുംബം വീണ്ടും പരാതിയുമായി എത്തിയത്. വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വിക്ടര്‍ എന്തും ചെയ്യുമെന്ന ഭയം കാരണം ഇയാളുടെ വീടിന് അടുത്തുനിന്ന് കുടുംബം മാറി താമസിക്കുകയായിരുന്നു.
വിക്ടറിന്റെ മകന്‍ ഷിബു വീട്ടില്‍വന്നു തന്നെയും ആക്രമിച്ചതായി മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നമാകുമെന്നും പരാതി നല്‍കേണ്ടെന്ന് പൊലിസ് പറഞ്ഞത്രെ. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയത് സഹോദരനെയാണെന്നും തന്റെ മകളെ വിക്ടറിന്റെ മകന്‍ ഭീഷണിപ്പെടുത്തിയെന്നും മാതാവ് പറഞ്ഞു.
കുണ്ടറ സ്റ്റേഷനിലെ പൊലിസുകാര്‍ സുഹൃത്തുക്കളാണെന്നാണ് വിക്ടര്‍ പറഞ്ഞത്. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലിസ് വീട്ടില്‍ വന്നത്. പണമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എ.എസ്.ഐ പറഞ്ഞുവെന്നും ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയതതെന്നും അവര്‍ പറഞ്ഞു.
അതേ സമയം ആരോപണം അന്വേഷിക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി എസ് സുരേന്ദ്രന്‍ പറഞ്ഞു. പരാതി തനിക്കു കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഇങ്ങനെയൊരു ആരോപണം ഉള്ളതിനാല്‍ അന്വേഷിക്കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയെന്നും എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."