റമദാന്‍ നമുക്ക് മാറ്റം വരുത്തുന്നുണ്ടോ ?
നോമ്പ് നിര്‍ബന്ധമാക്കുന്നതിന്റെ യുക്തി വിശദീകരിച്ച് അല്ലാഹു പറയുന്നു:''വിശ്വസിച്ചവരേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധ ആരാധനയായി കല്പിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നാം വ്രതം കല്പിക്കുന്നു; അതുവഴി നിങ്ങള്‍ക്ക് സൂക്ഷ്മത(തഖ്‌വ) കൈവന്നേക്കാം'' (2:183). ജീവിതത്തില്‍ സൂക്ഷ്മത നേടിയെടുത്ത് വിശുദ്ധരാകാനാണ് നമുക്ക് അല്ലാഹു നോമ്പ് എന്ന ആരാധന നല്‍കിയത്. വികാരം മനുഷ്യപ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതിനെ നിയന്ത്രണ വിധേയനാക്കുക എന്നതാണ് മനുഷ്യന്റെ ദൗത്യം.
പൈശാചിക സമ്മര്‍ദങ്ങള്‍ക്ക് പലപ്പോഴും കീഴടങ്ങുന്ന ആത്മാവിനെ ശുദ്ധീകരിക്കുന്നതിനായി അല്ലാഹു കനിഞ്ഞേകിയ റമദാന്‍ നമ്മില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അനുഗ്രഹങ്ങള്‍ നിറഞ്ഞ നോമ്പുകാലം നമുക്ക് ഫലപ്രദമാവാറുണ്ടോ? അര്‍ഹമായ പരിഗണന നല്‍കി റമദാനിനെ യാത്രയാക്കുന്നവര്‍ക്കുവേണ്ടി റമദാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് തിരു നബി(സ) നമുക്ക് പഠിപ്പിച്ചത്.
നോമ്പ് പരിചയാണെന്നാണ് തിരുനബി(സ്വ). മനുഷ്യനെ സകല തിന്മകളില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നതാകണം നോമ്പ്. അപ്പോഴാണ് നോമ്പ് പരിചയാകുക. തിന്മകള്‍ക്കെതിരേയുള്ള പോരാട്ടം നിരന്തരം നടത്തി വിജയം നേടാന്‍ പരിശീലനം ആവശ്യമാണ്. റമദാന്‍ വ്രതത്തിലൂടെ നാം നേടിയെടുക്കുന്നത് അതാണ്. ശരീരം ഭക്ഷണം ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ അത് നല്‍കാതിരിക്കുകയും സാധാരണത്തതില്‍ നിന്ന് വ്യത്യസ്തമായ സമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ശൈലിയിലൂടെ ജീവിതത്തെ പരിശീലിപ്പിക്കുന്നത് എന്തും നേരിടാനുള്ള ജീവിതക്രമമാണ്.
നാമ്പുകാരനില്‍ നിന്ന് വൈകൃതങ്ങള്‍ ഒരിക്കലും സംഭവിച്ചുകൂടാ. വഴക്കിനു വരുന്നവരോട് പോലും നോമ്പാണെന്ന് പറഞ്ഞ് വിട്ടുനില്‍ക്കാനാണ് നബി(സ്വ)യുടെ തിരുകല്‍പന (ബുഖാരി).
ഫുള്‍ടാങ്ക് ലോഡ് ചെയ്ത ശേഷം കുറച്ച് മണിക്കൂറുകള്‍ പട്ടിണി കിടക്കുക; ശേഷം വാശിയോടെ പലിശസഹിതം തിന്നുകൂട്ടുക എന്നതാണ് ചിലരുടെ വ്രതക്രമം.അമിതവ്യയക്കാരനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (61:41). എന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
ഒരു പുതു ജീവിതത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് റമദാനോടെ സാധ്യമാവണം. ഏതു നിമിഷം മരണപ്പെട്ടാലും സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന അവസ്ഥ എത്രമേല്‍ സന്തോഷകരമാണ്. അതിനു സാധിക്കുന്ന വിശ്വാസിയാണ് ബുദ്ധിമാന്‍. റമദാന്‍ അതിനുള്ള സാഹചര്യമൊരുക്കുന്നതാകണം.
തിരുനബി(സ്വ) പറഞ്ഞു: മുന്‍ഗാമികളായി ഒരു പ്രവാചകര്‍ക്കും ലഭിക്കാത്ത അഞ്ചുകാര്യങ്ങള്‍ റമദാന്‍ മാസത്തില്‍ എന്റെ സമൂഹത്തിന് നല്‍കപ്പെട്ടിരിക്കുന്നു. റമദാനിന്റെ ഒന്നാം രാത്രിയില്‍ അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹവര്‍ഷം നടത്തും. അതിനുവിധേയമായവര്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടില്ല. നോമ്പുകാരന്റെ വായയുടെ ഗന്ധം കസ്തൂരിയെക്കാള്‍ നല്ല സൗരഭ്യമായാണ് അല്ലാഹു കണക്കാക്കുക. എല്ലാ ദിനരാത്രങ്ങളിലും നോമ്പുകാര്‍ക്കുവേണ്ടി മലക്കുകള്‍ പാപമോചനം അര്‍ഥിച്ചുകൊണ്ടിരിക്കും. അല്ലാഹു സ്വര്‍ഗം അലങ്കരിക്കാന്‍ കല്‍പിക്കും. എന്റെ ആദരവിലേക്കും സ്വര്‍ഗഭവനത്തിലേക്കും യാത്രക്കൊരുങ്ങുന്ന വിശ്വാസികളെ സ്വീകരിക്കാനാണിതെന്ന് അവന്‍ വെളിപ്പെടുത്തും. അവസാന ദിവസമായാല്‍ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യും (ബൈഹഖി: ശുഅ്ബുല്‍ ഈമാന്‍ 3603). ഇത്തരമൊരു മഹാഭാഗ്യം അര്‍ഹതപ്പെട്ടവര്‍ക്കല്ലാതെ ലഭിക്കുകയില്ലല്ലോ ? അതിനാല്‍ നിരന്തരം കര്‍മ്മത്തില്‍ മുഴുകി ഇനിയുള്ള ദിനരാത്രങ്ങള്‍ അല്ലാഹുവിന്റെ തൃപ്തി നേടാനുള്ളതാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."