കോപ്പിയടി: ബിഹാറില്‍ ഒന്നാം റാങ്കുകാരിയെ ജയിലിലടച്ചു
പാറ്റ്‌ന: ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായി(17)യെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോപ്പിയടി വിവാദത്തെ തുടര്‍ന്നാണ് റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷയ്ക്കിരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
ഒന്നാം റാങ്കുകാരിയായ റൂബിയൊഴികെയുള്ളവര്‍ പരീക്ഷയെഴുതിയിരുന്നു. പിന്നീടാണ് ഒന്നാം റാങ്കുകാരിയും പരീക്ഷയ്ക്കിരിക്കാന്‍ തയാറായത്. ഇത്തരത്തില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടതോടെയാണ് ഈ വിദ്യാര്‍ഥിനിയേയും പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ജൂലൈ എട്ടുവരെ റിമാന്‍ഡ് ചെയ്തു. നേരത്തേ പരീക്ഷാ ഫലം വന്നപ്പോള്‍ റാങ്കുകാരിയായ റൂബിയെ ഇന്റര്‍വ്യൂ ചെയ്ത ചാനലുകാര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്താണെന്ന് ചോദിച്ചപ്പോള്‍ പാചകകലയാണെന്ന് പെണ്‍കുട്ടി ഉത്തരം പറഞ്ഞത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതോടെയാണ് റാങ്കുകാരെ വീണ്ടും പരീക്ഷയെഴുതിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. റൂബിറായിയുടെ ആദ്യ ഫലം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ശുദ്ധജലത്തിന്റെ രാസസൂത്രം പോലും റാങ്കുകാരില്‍ പലര്‍ക്കും അറിയില്ലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. റാങ്കു നേടിയവരെല്ലാം കോപ്പിയടിച്ചാണ് ജേതാക്കളായതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
റാങ്ക് നേടിയവരെ വീണ്ടും പരീക്ഷക്കിരുത്തിയപ്പോള്‍ അവരുടെ മോശം പ്രകടനം തങ്ങളെ ഞെട്ടിച്ചുവെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞത്. അതിനിടെ ബിഹാറില്‍ കഴിഞ്ഞവര്‍ഷം നടന്ന പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കാനും മറ്റുമായി രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരീക്ഷാഹാളിന് പുറത്തുനിന്ന് ക്ലാസ് മുറികളിലേക്ക് സഹായം നല്‍കിയത് വന്‍വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."