അപകട ഭീഷണിയുയര്‍ത്തി വൈക്കത്തെ കൊടുംവളവുകള്‍
വൈക്കം: അപകട ഭീഷണിയുയര്‍ത്തി മണ്ഡലത്തിലെ പ്രധാനറോഡുകളിലെ കൊടുംവളവുകള്‍. ഇവ നിവര്‍ത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ തന്നെയാണ് വളവുകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. വടയാര്‍, പൊട്ടന്‍ചിറ, വല്ലകം, പുളിംചുവട്, ചാലപ്പറമ്പ്, തോട്ടകം, ഉദയനാപുരം മേഖലകളിലെ വളവുകളാണ് നിരന്തരം ഗതാഗതത്തിന് ഭീഷണിയായിരിക്കുന്നത്. വല്ലകം സബ്‌സേ്റ്റഷനു മുന്നിലെ കൊടുംവളവ് നിരവധി അപകടങ്ങള്‍ക്കാണ് കാരണമായത്. രണ്ടാഴ്ച മുന്‍പ് ഇവിടെ കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസാരപരുക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
തലയോലപ്പറമ്പ് റോഡ് ആധുനികവല്‍കരിച്ചതിനെ തുടര്‍ന്ന് ചാലപ്പറമ്പ് വളവില്‍ റോഡിന്റെ സമീപത്തെ മതില്‍ പത്തുതവണ വാഹനമിടിച്ചു തകര്‍ന്നിരുന്നു. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കടക്കുമുന്നില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചുകയറിയത്. ഇതിനുശേഷം അപകടങ്ങള്‍ കുറക്കുവാന്‍ ഇവിടെയും സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായി. വിവാദമായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ഇവിടെനിന്നും എടുത്തുമാറ്റുകയും ചെയ്തു. ഇപ്പോള്‍ ചാലപ്പറമ്പിലെ വളവിലും മറ്റും പുതിയ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വളവുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കൊടുംവളവില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും അമിതവേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് കഴിയാറില്ലെന്നതാണ് സത്യം.
വൈക്കം-വെച്ചൂര്‍ റോഡിന്റെ പരിതാപകരമായ അവസ്ഥയും കൊടും വളവുകളും വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. വലിയാനപ്പുഴ പാലം മുതല്‍ വെച്ചൂര്‍ വരെ വീതി കുറഞ്ഞ റോഡിലെ വളവുകള്‍ നിരന്തരം അപകട മേഖലയാണ്. ഈ റോഡില്‍ ഉണ്ടായ അപകടങ്ങളില്‍പെട്ട് നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്. മാസങ്ങള്‍ക്കുമുന്‍പ് വേരുവള്ളി ജങ്ഷനുസമീപം ടിപ്പറില്‍ തട്ടിവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ചേര്‍ത്തല, ആലപ്പുഴ, വെച്ചൂര്‍ ഭാഗങ്ങളിലേക്കും വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്തേക്കും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. വളവിന്റെ വലിപ്പം അറിയാതെ മത്സരപ്പാച്ചിലിനിടയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇരുചക്രവാഹന-കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുണ്ടാക്കുന്നുണ്ട്.
റോഡിലെ വളവിനു ഇരുവശങ്ങളിലും പടര്‍ന്നു പന്തലിച്ചു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും മറ്റും യഥാസമയം വെട്ടിമാറ്റാന്‍ അധികാരികള്‍ തയാറാകാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആക്ഷേപവും ഉണ്ട്. വീതി കുറഞ്ഞ വൈക്കം-വെച്ചൂര്‍ റോഡ് അന്തരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെയായെങ്കിലും നടപടികള്‍ ഒന്നുമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."