തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥ; വീടുവയ്ക്കാന്‍ അനുമതി കാത്തിരിക്കുന്നവര്‍ക്കു തിരിച്ചടിയാകുന്നു
തിരൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പാവപ്പെട്ടവര്‍ക്കു തിരിച്ചടിയാകുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അഞ്ചും ആറും സെന്റ് ഭൂമിയുള്ളവര്‍ വീടുവയ്ക്കാനാകാതെ മാസങ്ങളായി ബുദ്ധിമുട്ടുകയാണ്.
നേരത്തെ വീടുവച്ചവര്‍ക്കും കലക്ടറുടെ അനുമതിയില്ലാതെ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ ലഭിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തു ഭൂമി ക്രമവല്‍ക്കരിക്കാന്‍ നിരവധിയാളുകളില്‍നിന്നു ഫീസിനത്തില്‍ 500 രൂപ വാങ്ങിയിട്ടുണ്ട്. ഈ അപേക്ഷകളിലാണ് വിജിലന്‍സ് കേസ് ഭയന്ന് ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ വിജിലന്‍സ് കേസിനു പുറമേ, വകുപ്പുതല നടപടിയുണ്ടാകുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്ത അവസ്ഥയാണ്. ക്രമവല്‍ക്കരിച്ച ഉത്തരവു കലക്ടര്‍മാര്‍ അതാതു റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നല്‍കാത്തതും ഇതുസംബന്ധിച്ച പ്രശ്‌നപരിഹാരത്തിനു തടസമായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് വീടില്ലാത്ത ആയിരങ്ങള്‍.
2015ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമുള്ള കലക്ടറുടെ ക്രമവല്‍ക്കരിച്ച ഉത്തരവുണ്ടെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാമെന്നു പറയുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ക്കുപോലും വീടുവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നേരത്തെ വീടിന് അനുമതി നല്‍കിയിരുന്ന കമ്മിറ്റി മാസങ്ങളായി നിലവിലില്ല. 2008 ഓഗസ്റ്റ് 12നു മുന്‍പു നികത്തിയ സ്ഥലം വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ക്രമവല്‍ക്കരിച്ചു നല്‍കാന്‍ മൂന്ന് എ വകുപ്പ് അനുവദിക്കുന്നുണ്ട്. വില്ലേജ് ഓഫിസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ 15 ദിവസത്തിനകം കലക്ടര്‍ക്കു നടപടിയെടുക്കാം. അപേക്ഷ ന്യായമാണെന്നു ബോധ്യപ്പെട്ടാല്‍ ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം തുക സര്‍ക്കാറിലേക്ക് അടച്ചു നിയമവിധേയമായി നിര്‍മാണം നടത്താം. എന്നാല്‍, ഈ ഇളവുകള്‍ മറയാക്കി പാടങ്ങള്‍ വ്യാപകമായി നികത്തുമോ എന്ന ആശങ്കയും വിവാദസാധ്യതയും കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്ക്. മറ്റൊരിടത്തും വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ കച്ചവട ആവശ്യങ്ങള്‍ക്കോ കൈമാറ്റം ചെയ്യാനോ അനുമതി ദുരുപയോഗം ചെയ്യില്ലെന്നു രേഖാമൂലം ഉറപ്പുനല്‍കാന്‍ തയാറായിട്ടും പുതിയ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവിറക്കുംവരെ കാത്തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."