കാണ്ഡഹാറില്‍ ബോംബ് സ്ഫോടനം; 16 മരണം
കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാനിസ്താന് നഗരമായ കാണ്ഡഹാറിലുണ്ടായ വന്‍ ഭീകരാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റമദാനിലും ഭീകരാക്രമണങ്ങളില്‍നിന്ന് അഫ്ഗാന് ജനതയ്ക്ക് ആശ്വാസമില്ലെന്നാണു പുതിയ സംഭവം തെളിയിക്കുന്നത്.
ഇന്നലെ പകല്‍ കാണ്ഡഹാറിലെ സൈനിക ചെക്ക്പോസ്റ്റിനു സമീപത്തായിരുന്നു ആക്രമണം. ആദ്യം സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മിനിബസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, സമീപത്തെ മെക്കാനിക്ക് വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്നര്‍ ലോറികളില്‍നിന്നാണ് സ്ഫോടനമുണ്ടായതെന്നു പിന്നീട് വ്യക്തമായി.
നഗരത്തിലെ സ്വകാര്യ ആശുപത്രി മേധാവിയായ നിഅ്മത്തുല്ല ബറാക് ആണ് മരണസംഖ്യ പുറത്തുവിട്ടത്. ദുരന്തത്തിനിരയായവരില്‍ നിരവധി കുഞ്ഞുങ്ങളുമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് നിഅ്മത്തുല്ല പറഞ്ഞു.
വര്‍ക്ക്ഷോപ്പിന്റെ മുറ്റത്ത് നേരത്തെ തന്നെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കറുപ്പ് കൃഷിക്കു പേരുകേട്ട നാടാണ് കാണ്ഡഹാര്‍. മുന്‍പ് താലിബാന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ കുറച്ചുനാളായി സ്ഥിതിഗതികള്‍ സാധാരണ നിലയിലായിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന് നടത്തുന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് സംഭവമെന്നാണു കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."