ഓഖി: 2,000 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ഉടനെ എത്തും. ഓഖി ദുരന്തം വിതച്ച തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 2,000 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അധ്യക്ഷനായി രൂപീകരിച്ച ഏഴംഗ സമിതി പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായുള്ള ഏഴംഗ സമിതി പരിശോധിച്ച് ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കും.
സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.ഇവരെ സമീപിക്കുന്നതിനു മുന്‍പ് എന്തൊക്കെയാണ് ആവശ്യങ്ങളെന്നതു പഠിക്കുകയും അവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും സ്വകാര്യ ഏജന്‍സികളെ എങ്ങനെ ഇതില്‍ സഹകരിപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.എം.വിജയാനന്ദ് അധ്യക്ഷനായ സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ വിശദമായ പദ്ധതിരേഖ ഉണ്ടാക്കുകയും അതിനുശേഷം സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 117.70 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ചത്. കേരളം നല്‍കിയ 7,340.45 കോടി രൂപയുടെ പുനരധിവാസ പാക്കേജിനോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഏജന്‍സികളെ സഹകരിപ്പിച്ച് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ആലോചിക്കുന്നത്. ഇതുവരെ ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച 91 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതവും കാണാതായ 51 പേരുടെ കുടുംബങ്ങള്‍ക്ക് 22 ലക്ഷം വീതവും വിതരണം ചെയ്തിട്ടുണ്ട്.
187 ബോട്ടുകളും 446 വലകളും നഷ്ടപ്പെട്ടുവെന്ന് ഫിഷറീസ് വകുപ്പ് തയാറാക്കിയ കണക്കില്‍ പറയുന്നു. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി 9 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."