ബിജു രാധാകൃഷ്ണനില്‍നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വേണുഗോപാല്‍
കൊച്ചി: ബിജു രാധാകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴിനല്‍കി. ടീം സോളാറിനെ എം.എന്‍.ആര്‍.ഇയുടെ ചാനല്‍ പാര്‍ട്ണറാക്കാമെന്നും ഇതിന്റെ ചെലവിലേക്ക് രണ്ടു തവണകളിലായി ഡ്രൈവര്‍ നാഗരാജന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും കൈവശം ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10ലക്ഷം രൂപയും കൈമാറിയെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കിയിരുന്നത്.
ഇത് ശുദ്ധ നുണയാണെന്ന് വേണുഗോപാല്‍ മൊഴിനല്‍കി. നഗരാജനെന്ന ഒരു ഡ്രൈവര്‍ തനിക്കില്ല. ബിജു രാധാകൃഷ്ണനെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍, സരിത എസ്.നായരെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആയിരിക്കുമ്പോള്‍ ടീം സോളാറിന്റെ ഒരു പരിപാടിക്ക് ക്ഷണിക്കാനാണ് സരിത ആലപ്പുഴയിലെ വസതിയിലെത്തിയത്. ഇത് എപ്പോഴാണെന്ന് ഓര്‍മയില്ല. തന്റെ മണ്ഡലമായ ആലപ്പുഴയില്‍ സോളാര്‍ പദ്ധതി തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ആലപ്പുഴയില്‍ നടന്ന കയര്‍ കേരള പരിപാടിക്കിടെ സരിതയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന ബിജുവിന്റെ മൊഴിയും വേണുഗോപാല്‍ നിഷേധിച്ചു.
ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടന്ന വേള്‍ഡ് റിന്യൂവബിള്‍ എനര്‍ജി എക്‌സ്‌പോയിലും തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ അനെര്‍ട്ട് നടത്തിയ എക്‌സിബിഷനിലും ടീം സോളാറിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചത് താന്‍ മുഖേനയാണെന്ന ബിജുവിന്റെ മൊഴിയും വേണുഗോപാല്‍ നിഷേധിച്ചു.
ഡല്‍ഹിയില്‍ വച്ച് സരിതയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും കമ്മിഷന്‍ അഭിഭാഷകന്റെ ക്രോസ്‌വിസ്താരത്തിനിടെ പറഞ്ഞു.
എന്നാല്‍, തന്റെ ഫോണില്‍ നിന്ന് സരിതയുടെ ഫോണിലേക്കും തിരിച്ചും 57 തവണ ഫോണ്‍ വിളികള്‍ നടന്നിട്ടുണ്ടെന്ന് കെ.സി വേണുഗോപാല്‍ സമ്മതിച്ചു.
കമ്മിഷന്‍ അഭിഭാഷകന്‍ ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകളും കാണിച്ചുകൊടുത്തു. തന്റെ അഭാവത്തില്‍ പേഴ്‌സണല്‍ സ്റ്റാഫായിരിക്കാം ഫോണ്‍വിളികള്‍ നടത്തിയതെന്നും വേണുഗോപാല്‍ മൊഴിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."