സുപ്രിംകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല സെന്‍കുമാറിനെ നീക്കിയത്
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ കേരള പൊലിസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
രാഷ്ട്രീയ വൈരാഗ്യം ഉള്ളതുകൊണ്ടല്ല ഡി.ജി.പി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യമാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്ന സെന്‍കുമാറിന്റെ ആരോപണം നിഷേധിക്കുന്ന സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയല്ല അദ്ദേഹമെന്നും പറയുന്നു.
ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു സെന്‍കുമാര്‍ നല്കിയ ഹരജിയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയുള്ളത്. ഈ മാസം ആറിനു ഹരജി പരിഗണിക്കവേ സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ നടപടിയെ വിമര്‍ശിച്ച കോടതി, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലിസില്‍ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്നു സര്‍ക്കാരിനോടു ചോദിക്കുകയുംചെയ്തിരുന്നു.
സെന്‍കുമാറിന്റെ ആരോപണത്തിന് മറുപടി അറിയിക്കാനും കോടതിയാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥലംമാറ്റത്തെ ന്യായീകരിച്ചും അതുസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് അറിയിച്ചും സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കാര്യക്ഷമമല്ലാത്ത നേതൃത്വവും വീഴ്ചകളുമാണ് സ്ഥാനമാറ്റത്തിന് കാരണമായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതുജനങ്ങള്‍ക്കിടയില്‍ പൊലിസിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണ് ഡി.ജി.പി സ്ഥാനത്തു നിന്നുമാറ്റിയത്. അതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അതു സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."