കൃഷ്ണദാസിനു രക്ഷപ്പെടാന്‍ പഴുതിട്ട് എഫ്.ഐ.ആര്‍
തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കിയതില്‍ ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന് രക്ഷപെടാന്‍ പഴുതിട്ടാണ് പൊലിസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പഴയന്നൂര്‍ എ.എസ്.ഐ ജ്ഞാനശേഖരനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
വകുപ്പുതല അന്വേഷണം നടത്താന്‍ ചാലക്കുടി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ജിഷ്ണു പ്രണോയിയുടെ കേസിന് സമാനമായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ജാഗ്രത ഉണ്ടായില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റേഞ്ച് ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചെന്നാണ് കൃഷ്ണദാസിനെതിരായ കേസ്. ഈ കേസില്‍ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.
ഫെബ്രുവരി 27നാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. അന്ന് സ്റ്റേഷനില്‍നിന്നു തന്നെ ജാമ്യം ലഭിക്കാവുന്ന മൂന്നു ദുര്‍ബലമായ വകുപ്പുകളാണ് കൃഷ്ണദാസിനെതിരേ ചുമത്തിയത്. പിന്നീട് മാര്‍ച്ച് 13ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മാര്‍ച്ച് 18ന് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം എഫ്.ഐ.ആര്‍ പുതുക്കി.
ഈ സാഹചര്യത്തില്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത പഴയന്നൂര്‍ പൊലിസ് മനപ്പൂര്‍വം ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജിഷ്ണു കേസും ഇതേ സ്റ്റേഷനില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. പൊലിസിന് സംഭവിച്ച വീഴ്ച അന്വേഷണം 25 ദിവസത്തോളം വൈകുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."