മലക്കപ്പാറയില്‍ മൂന്നാര്‍ മാതൃകയില്‍ വില്ലകള്‍
ചാലക്കുടി: സംസ്ഥാന അതിര്‍ത്തിയായ മലക്കപ്പാറയില്‍ വിനോദ സഞ്ചാര വികസന പദ്ധതിയുമായി അതിരപ്പിള്ളി പഞ്ചായത്ത്.
മൂന്നാര്‍ മാതൃകയില്‍ വിനോദ സഞ്ചാര വില്ലകളാണ് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി. വിനോദ സഞ്ചാരികള്‍ക്ക് മലക്കപ്പാറയില്‍ താമസസ്ഥലം ഒരുക്കുന്ന സംവിധാനത്തിനാണ് അതിരപ്പിള്ളി പഞ്ചായത്ത് അധികൃതര്‍ തുടക്കമിടുന്നത്.
ഇതിനായി തമിഴ്നാട് അതിര്‍ത്തിയുടെ ഒരുവിളിപ്പാടകലെ പെരുമ്പാറയില്‍ 2. ദശാംശം 27ഏക്കര്‍ സ്ഥലം പൊന്നും വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. ഇതിന്റെ തുകയായ 69 ലക്ഷം രൂപ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. പദ്ധതി വിഹിതത്തില്‍ നിന്ന് തുക കണ്ടെത്തുകയായിരുന്നു. പട്ടികവര്‍ഗ്ഗ കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ഇതില്‍പ്പെടും.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്, റവന്യു വകുപ്പിന് കൈമാറിയ സ്ഥലത്തില്‍ ബാക്കി വന്നതാണ് ഈ ഭൂമി. വിനോദ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യങ്ങളും അടങ്ങുന്ന താമസത്തിനായി മനോഹരമായ വില്ലകള്‍ നിര്‍മിക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യം.
രുചികരമായ ഭക്ഷണവും വിശാലമായ വാഹന പാര്‍ക്കിങ്ങും ഇവിടെ ഒരുക്കാനാണ് ആലോചന.
തമിഴ്നാട് സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പ്രദേശത്ത് റിസോര്‍ട്ട് വരുന്നത് ടൂറിസം മേഖലക്ക് വന്‍നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ അതിരപ്പിള്ളി മുതല്‍ മലക്കപ്പാറ വരെയുള്ള സ്ഥലങ്ങളില്‍ ഒരിടത്തും സര്‍ക്കാര്‍ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ ഇല്ല. ഇതുംകൂടി കണക്കിലെടുക്കുമ്പോള്‍ പുതിയ സംവിധാനം പഞ്ചായത്തിന് കൂടുതല്‍ വരുമാനത്തിനും കാരണമാകും.
ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വില്ലകള്‍ നിര്‍മിക്കുന്നതിന് എം.പി, എം.എല്‍.എ ഫണ്ടുകള്‍ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് അതിരപ്പിള്ളി പഞ്ചായത്ത് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."