മാര്‍ത്താണ്ഡം പാടശേഖരത്തിലെ നെല്ലെടുപ്പ് തടസപ്പെട്ടു; എം.എല്‍.എയുടെ ഇടപെടലെന്ന് ആക്ഷേപം
ആലപ്പുഴ: കൈനകരിയിലെ മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്തിലെ നെല്ലെടുപ്പ് തടസപ്പെട്ടതായി പാടശേഖര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കുട്ടനാട് എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ മില്ലുടമകള്‍ക്ക് നെല്ല് നല്‍കാതിരുന്നതെന്നും ഭാരവാഹികള്‍. ഓരുവെളളം കയറിയതിനാല്‍ കൊയ്ത് പാടശേഖരങ്ങളില്‍ സൂക്ഷിച്ചിട്ടുളള നെല്ലില്‍ ഈര്‍പ്പമുളളതിനാല്‍ അളവില്‍ വിട്ടുവീഴ്ച നല്‍കണമെന്ന് മില്ലുടമകള്‍ പാടശേഖര സമിതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ആവശ്യം അംഗീകരിച്ച് സമിതി നെല്ല് അളക്കാന്‍ ഒരുങ്ങുമ്പോഴാണ് കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയുടെ ആഫീസില്‍നിന്നും നിര്‍ദേശമെത്തിയത്. വിട്ടുവീഴ്ച നല്‍കി നെല്ല് നല്‍കേണ്ടെന്ന്.
ഇത് അറിഞ്ഞ സമതി നെല്ല് നല്‍കുന്നത് നിര്‍ത്തിവെച്ചു. 600 ഏക്കര്‍ പാടശേഖരത്തില്‍ എം.എല്‍.എയ്ക്കും 25 ഏക്കര്‍ പാടം ഉണ്ട്. ഇതില്‍ മൂന്നൂറ് ഏക്കര്‍ പാടം കൊയ്തു കഴിഞ്ഞു. നെല്ല് അളന്നു നല്‍കുമ്പോള്‍ എം.എല്‍.എയ്ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാലാണ് മറ്റ് കര്‍ഷകരെയും നെല്ല് വില്‍ക്കാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ മന്ത്രിതലത്തില്‍ വരെ ചര്‍ച്ച നടത്തിയ എം.എല്‍.എയ്ക്ക് നെല്ലിന്റെ കിഴിവിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.
ഇതോടെ എം.എല്‍.എ പിന്‍വാങ്ങി. വിളവെടുത്ത് മൂന്നുദിവസത്തോളം പാടശേഖരത്തില്‍ കിടന്ന നെല്ല് കനത്ത നഷ്ടം വരുത്തുമെന്ന് കണ്ട കര്‍ഷകര്‍ എം.എല്‍.എയുടെ നിര്‍ദേശത്തെ അവഗണിച്ച് നെല്ല് നല്‍കാന്‍ ഒരുങ്ങുമ്പോള്‍ ഇന്നലെ കൃഷി ഓഫിസര്‍ ഫോണില്‍ വിളിച്ച് നെല്ലു സംഭരിക്കുന്നതില്‍ തടസമില്ലെന്ന് സമിതിയെ അറിയിച്ചു.
എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടാതെ പ്രശ്‌നത്തില്‍ ഇടപ്പെട്ട് രംഗം വഷളാക്കിയ എം.എല്‍.എയുടെ തീരുമാനത്തില്‍ പാടശേഖര സമിതി കടുത്ത അമര്‍ഷത്തിലാണ്.
അതേസമയം കിഴിവോടുക്കൂടി ഇന്നു മുതല്‍ നെല്ല് മില്ലുടമകള്‍ക്ക് നല്‍കുമെന്ന് സമിതി പ്രസിഡന്റ് രാജേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.ജെ കാളിക്കാടന്‍, എം.പി സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."