എന്‍.ഐ.എ ഉദ്യോഗസ്ഥനെ വധിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുനീറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മൂന്നിനാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തന്‍സീലിനെയും ഭാര്യയെയും ബൈക്കില്‍ വന്ന അക്രമിസംഘം മക്കള്‍ക്കു മുന്നില്‍വച്ചു വെടിവച്ചു കൊന്നത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലിസ് തിരയുന്ന മുനീറിനെ ഇന്നലെയാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഡല്‍ഹിക്കടുത്തു നോയിഡയില്‍വച്ച് അറസ്റ്റ് ചെയ്തത്. തന്‍സീലിന്റെ നാട്ടുകാരനായ മുനീര്‍ വേറെയും രണ്ടു കൊലപാതകക്കേസുകളില്‍ കുറ്റാരോപിതനാണ്.
ഈ മാസം 16ന് മുനീറിന്റെ അടുത്ത സഹായി അതീഉല്ല ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയുണ്ടായ അക്രമത്തില്‍ തന്‍സീലിനെതിരേ 24 തവണ അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. തന്‍സീല്‍ സംഭവസ്ഥലത്തും നാലു തവണ വെടിയേറ്റ ഭാര്യ ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ ആശുപത്രിയിലും മരണപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് റിസ്വാന്‍, തന്‍സീം, റൈഹാന്‍, സൈനുല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."