മലപ്പുറത്ത് 1.30 കോടിയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം: ജില്ലയില്‍ രണ്ടിടത്ത് നിന്നായി 1.30 കോടിയുടെ കുഴല്‍പ്പണം പിടികൂടി. അങ്ങാടിപ്പുറത്ത് നിന്ന് 80,80,000 രൂപയും ചങ്ങരംകുളത്ത് നിന്ന് 50 ലക്ഷം രൂപയുമാണ് പിടികൂടിയത്. അങ്ങാടിപ്പുറം കൊളത്തൂര്‍ ഓണപ്പുടയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച പണം കണ്ടെടുത്തത്. മേലാറ്റൂര്‍ ഉച്ചാരക്കടവ് സ്വദേശി പിലായ്‌ത്തൊടി ഷൗക്കത്തലി എന്ന കുഞ്ഞിപ്പ(27), പട്ടിക്കാട് പൂന്താവനം സ്വദേശി കുയിലന്‍തൊടി മുഹമ്മദ് റിയാസ് (30) എന്നിവരെയാണ് കൊളത്തൂര്‍ എസ്.ഐ പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളുടെ മൊഴി പ്രകാരം മുഖ്യ വിതരണക്കാരനായ പൂന്താവനം സ്വദേശി ഹാഫിഖ് എന്നയാളുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. പ്രതികളില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുഴല്‍പ്പണ ശൃംഖലകളെക്കുറിച്ച് വിവരം ലഭിച്ചതായും എ.എസ്.പി സുജിത് ദാസ് പറഞ്ഞു.
സംസ്ഥാന പാതയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന അന്‍പത് ലക്ഷം രൂപ ചങ്ങരംകുളം പൊലിസ് പിടികൂടിയത്. പാവിട്ടപ്പുറം ഒതളൂര്‍ സ്വദേശി കോതളങ്ങര അഷ്‌റഫ് (44)പുലാമന്തോള്‍ വളപുരം സ്വദേശി കൂട്ടപ്പിലാവില്‍ മുഹമ്മദ് ഷിയാസ്(31) എന്നിവരെയാണ് ചങ്ങരംകുളം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ നിന്ന് പണം പിടി കൂടിയത്. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ പണത്തിന്റെ ഉറവിടം കണ്ടെത്താല്‍ കഴിയൂ എന്നും എസ്.ഐ കെ.പി മനേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."