വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം; പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്
പള്ളിക്കല്‍: വേനല്‍ കടുത്തതോടെ ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലുമായി കുടിവെള്ള വില്‍പനയും സൗജന്യ വിതരണവും വര്‍ധിച്ച സാഹചര്യത്തില്‍ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി പള്ളിക്കലില്‍ ആരോഗ്യവകുപ്പധികൃതര്‍ പരിശോധന കര്‍ശനമാക്കി. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഇ.എം.ഇ.എ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജല ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഓപ്പറേഷന്‍ സേഫ് ഡ്രിങ്ക്‌സ് ' വാട്ടര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്ന കിണറുകളിലെയും മറ്റു പൊതു കിണറുകളിലെ വെള്ളത്തിന്റെയും ടാങ്കര്‍ ലോറികളിലും മറ്റുമായി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.
ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ ഇ.എം.ഇ.എ കോളജിലെ മൈക്രോ ബയോളജി ലാബില്‍ പരിശോധന നടത്തും. ചടങ്ങ് ഇ.എം.ഇ.എ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫിസര്‍ ഇ സുരയ്യ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജാ നോബിള്‍, എ.എച്ച്.ഐ മാരായ യു മുഹമ്മദ് റഊഫ്, അബ്ദുല്‍ അസീസ്, കെ.കെ അബ്ദുറഹിമാന്‍, മൈക്രോ ബയോളജി മേധാവി ഷിജി തോമസ്, പി യൂനുസ് സംസാരിച്ചു. ഓപ്പറേഷന്‍ സേഫ് ഡ്രിങ്ക്‌സ്'വാട്ടര്‍ പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."