വിദ്യാര്‍ഥികള്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ വാട്‌സ്ആപ്പ് വഴി പരാതി അറിയിക്കാം
മലപ്പുറം: വിദ്യാര്‍ഥികള്‍ ലൈസന്‍സ് ഇല്ലാതെയും നിയമങ്ങള്‍ പാലിക്കാതെയും ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വാഹന നമ്പര്‍ ഉള്‍പ്പെടെ ഫോട്ടോ എടുത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 8547903010 എന്ന വാട്‌സ്അപ്പില്‍ അയച്ചാല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഓട്ടോറിക്ഷകളില്‍ കുത്തിനിറച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതായി ശ്രദ്ധയില്‍ പെട്ടാലും ഈ നമ്പറിലേക്ക് ആര്‍ക്കും വിവരം കൈമാറാവുന്നതാണ്. പട്ടികജാതി വകുപ്പിനു കീഴില്‍ മഞ്ചേരിയിലുള്ള കെട്ടിടത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചില്‍ഡ്രന്‍സ് ഹോം തുടങ്ങുന്നതിനുള്ള അനുമതി പട്ടികജാതി വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം, അനധികൃത വാഹനമോടിക്കല്‍, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്നിവ കണ്ടു വരുന്നതായി യോഗം വിലയിരുത്തി. ഇതിനു പരിഹാരമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പി.ടി.എകളിലും എം.ടി.എകളിലും എക്‌സൈസ്, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ്, മറ്റു വിവിധ വകുപ്പുകള്‍ എന്നിവരുമായി സഹകരിച്ച് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസ് നല്‍കും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവ് ലഭ്യമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കും.
തിരൂര്‍ ഗവ. ഹോസ്പിറ്റലില്‍ തുടങ്ങുന്ന പുതിയ ലഹരി വിമുക്തി കേന്ദ്രത്തില്‍ കുട്ടികള്‍ക്കു വേണ്ടി സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാക്കും. നിലവില്‍ മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വരുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണ ഉറപ്പു വരുത്തും. ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എല്ലാ മത മേലാധികാരികള്‍ക്കും സ്ഥാപന മേധാവികള്‍ക്കും കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കും.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടുകൂടി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളില്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമുള്ള പ്രധാന അധ്യാപകരേയോ അധ്യാപക പ്രതിനിധിയോ ഉള്‍പ്പെടുത്തുന്നതിനും ബാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ശാക്തീകരിക്കുന്നതിനും തീരുമാനമായി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പിലാക്കിവരുന്ന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പൊതുജന പങ്കാളിത്തതോടുകൂടിയും സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയും വപുലീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."