വളച്ചുകെട്ടില്‍ വീട്ടില്‍ ഇനി മറിയവും മുത്തലിബും തനിച്ച്
പേരാമ്പ്ര: വാഹനാപകടത്തില്‍ മരിച്ച മകന്റെ ഓര്‍മകളുടെ മുറിവുണങ്ങും മുന്‍പ് അപൂര്‍വ വൈറസിന്റെ രൂപത്തിലെത്തിയ ദുരന്തം കുടുംബത്തില്‍ ബാക്കിയാക്കിയത് രണ്ടുപേരെ മാത്രം. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ചുകെട്ടില്‍ വീട്ടില്‍ സഹോദരങ്ങളായ രണ്ടുപേരും ജ്യേഷ്ഠഭാര്യയും മരിച്ചതിനു പിന്നാലെ കുടുംബത്തിന്റെ അത്താണിയായ മൂസയും ഇന്നലെ മരണത്തിന് കീഴടങ്ങിയതോടെയാണ് ഇളയ മകനായ മുത്തലിബും ഉമ്മ മറിയവും വീട്ടില്‍ തനിച്ചായത്.
മക്കളായ സ്വാലിഹ് (26), സഹോദരന്‍ സാബിത്ത് (23) എന്നിവരാണ് നേരത്തെ പനി ബാധിച്ച് മരിച്ചത്. ഇതില്‍ സാബിത്തിന്റെ മരണം നിപാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു മകന്‍ മുഹമ്മദ് സാലിം 2013ല്‍ കടിയങ്ങാട്ടുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. നാട്ടില്‍ കര്‍മോത്സുകരായി എല്ലാ രംഗത്തും സജീവമായിരുന്ന മൂന്നു യുവാക്കളുടെയും പിതാവിന്റെയും മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാന്‍ ഇതുവരെ നാടിനായിട്ടില്ല.
മൂസയുടെ ജ്യേഷ്ഠന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയവും രോഗബാധയാല്‍ മരിച്ചിരുന്നു. പനി ബാധിച്ച സ്വാലിഹിനേയും സാബിത്തിനേയും സ്വന്തം മക്കളെ പോലെയാണ് ഇവര്‍ പരിചരിച്ചിരുന്നത്.
ചികിത്സയില്‍ കഴിഞ്ഞ സ്വാലിഹിന്റെ പ്രതിശ്രുത വധു ആത്തിഫ (19) മാത്രമാണ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് സാലിമിന്റെ ദാരുണ മരണത്തില്‍ ഏറെ വേദനിച്ച കുടുംബത്തില്‍ ഇനി രണ്ടുപേരുണ്ട് സര്‍വദുഃഖങ്ങളുടെയും ഭാരം താങ്ങിനിര്‍ത്താന്‍. കണ്ണീര്‍ പൊഴിക്കുന്നതിനിടയിലും പ്രാര്‍ഥനയിലാണിവര്‍, ഇനിയാരെയും ദുരന്തം മാടിവിളിക്കരുതെന്ന്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."