കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു
ദേവര്‍ഷോല: ദേവര്‍ഷോല പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം നാശം വിതച്ചു. പാടന്തറ, ചെളുക്കാടി, കാപ്പമൂല, കന്തമൂല, കെണിയംവയല്‍, കറക്കപാളി, മൂച്ചികണ്ഡി, മച്ചികണ്ഡി, ചെമ്പകൊല്ലി, അങ്കന്‍കളരി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം ഭീതിപരത്തിയത്. മൂന്ന് വീടുകള്‍ കാട്ടാന കൂട്ടം തകര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മച്ചികണ്ഡി സ്വദേശി വേലായുധന്റെ വീട് കാട്ടാനക്കൂട്ടം തകര്‍ത്തു. വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവസമയത്ത് ഇയാളും ഭാര്യ ശാരദയും വീട്ടിനുള്ളിലുണ്ടായിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അങ്കന്‍കളരി സ്വദേശി വേണുവിന്റെ വീടും കാട്ടാന തകര്‍ത്തു. കറക്കപാളി സ്വദേശി റസാഖിന്റെ വാഴ കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കറക്കപാളിയിലെ ബസ് വെയിറ്റിങ് ഷെഡും തകര്‍ത്തു.
ചെമ്പകൊല്ലി ആദിവാസി കോളനിയിലും വ്യാപക നാശം വരുത്തി. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ശെല്‍വരാജ്, ഗാര്‍ഡ് സുദീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കാട്ടാനകളെ പടക്കം പൊട്ടിച്ച് വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."