തൊടുപുഴ നഗരസഭ നേതൃമാറ്റം: ചെയര്‍പേഴ്‌സന്റെ രാജി 28 ന്
വൈസ് ചെയര്‍മാന്‍ സ്ഥാനം പത്തു മാസം വീതം മൂന്നു ടേമായി വീതിക്കാന്‍ ധാരണ
തൊടുപുഴ: മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ തൊടുപുഴ നഗരസഭയില്‍ നേതൃമാറ്റം സംബന്ധിച്ച യുഡിഎഫ് ധാരണ നടപ്പാകുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിനു വേണ്ടി ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ 28 നു സ്ഥാനം ഒഴിയും. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ രാജി പിന്നീട്. ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ പദവി നല്‍കുമെന്ന വാഗ്ദാനം സംബന്ധിച്ച് രേഖാ മൂലം ഉറപ്പു നല്‍കിയില്ലെങ്കില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ മാറി ചിന്തിക്കുമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് വിമതന്‍ എം.കെ. ഷാഹുല്‍ ഹമീദും രംഗത്ത്. ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം അടുത്ത ഒരു വര്‍ഷത്തേയക്ക് കേരളാ കോണ്‍ഗ്രസിനും പിന്നീടുള്ള കാലയളവില്‍ കോണ്‍ഗ്രസിനും ലഭിക്കും.
കോണ്‍ഗ്രസ് വിമതന്‍ രംഗത്തുള്ളതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം പത്തു മാസം വീതം മൂന്നു ടേമായിട്ട് വീതിക്കാനാണ് നിലവിലെ ധാരണ. ഇതുപ്രകാരം ആദ്യം കോണ്‍ഗ്രസിനും പിന്നീട് രണ്ടു ടേമുകളിലായി മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും വൈസ് ചെയര്‍മാന്‍ പദവി വീതിക്കും. കഴിഞ്ഞ 11 നു യുഡിഎഫ്-കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 15 നു ചെയര്‍പേഴ്‌സണും പിന്നീട് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്ന ശേഷം വൈസ് ചെയര്‍മാനും രാജി വയ്ക്കുമെന്ന ധാരണയില്‍ എത്തിയിരുന്നു. യോഗത്തില്‍ വൈകിയെത്തിയ ലീഗ് നേതാക്കള്‍ ഇതില്‍ എതിര്‍പ്പു പ്രകടപ്പിച്ചതോടെ രാജി പ്രഖ്യാപിക്കുന്ന തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാകുകയായിരുന്നു. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഒരുമിച്ചു രാജിവയ്ക്കണോ അതോ വെവ്വേറെ രാജി വയ്ക്കണമൊ എന്ന കാര്യത്തില്‍ ധാരണയാകുന്ന മുറയ്ക്ക് നേതൃമാറ്റം നടത്താനാണ് യുഡിഎഫ് നേതൃത്വം ഒടുവില്‍ തീരുമാനിച്ചിരുന്നത്.
ഇതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളാ കോണ്‍ഗ്രസ്-എം പിന്തുണ വാഗ്ദാനം ചെയ്തതോടെ നേതൃമാറ്റം ഉടന്‍ നടത്താന്‍ യുഡിഎഫിനു മേല്‍ സമര്‍ദ്ദമുണ്ടായി. ഇടഞ്ഞു നിന്ന കോണ്‍ഗ്രസ് വിമതന്റെ സസ്‌പെന്‍ഷന്‍ കൂടി പിന്‍വലിച്ചതോടെ നടപടികള്‍ വേഗത്തിലായി. എന്നാല്‍ ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ പദവി വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ഉറച്ചു നിന്നതോടെ ലീഗിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം എതിര്‍പ്പുമായെത്തിയത് യുഡിഎഫില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ ധാരണയാകുകയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ രാജി വച്ചാല്‍ അടുത്ത ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് 15 ദിവസം വേണ്ടി വരും. കേരളാ കോണ്‍ഗ്രസിലെ ധാരണയനുസരിച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടു വര്‍ഷം മുസ്ലിംലീഗിനും തുടര്‍ന്നു ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിനും അവസാന ടേം കോണ്‍ഗ്രസിനുമായിരുന്നു ചെയര്‍പേഴ്‌സണ്‍ സ്ഥാനം. യുഡിഎഫ് ധാരണ പ്രകാരം നവംബര്‍ 18നു നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും സ്ഥാനം ഒഴിയേണ്ടതായിരുന്നു.
35 അംഗ ഭരണ സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫിന് 14 സീറ്റും എല്‍ഡിഎഫിന് 13 ഉം ബിജെപിക്ക് എട്ടു സീറ്റുമാണുള്ളത്. ഇതിനിടെ വിമതനെ എന്തു വിലകൊടുത്തും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് നടത്തുന്നുണ്ട്. ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രേഖാ മൂലം ഉറപ്പുനല്‍കിയില്ലെങ്കില്‍ വിമതന്റെ നിലപാടനുസരിച്ചായിരിക്കും നഗരസഭയുടെ ഭരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."