പകര്‍ച്ച വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും കേന്ദ്രമായി കേരളം മാറുന്നു
കൊല്ലം: പകര്‍ച്ച വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും കേന്ദ്രമായി കേരളം മാറുകയാണെന്ന് കൊല്ലം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവി ബി. പത്മകുമാര്‍ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രസ് ക്ലിനിക്കിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ബോധവല്‍കരണ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണയായി വികസിത രാജ്യങ്ങളിലുള്ളവരില്‍ മാത്രം കാണപ്പെടുന്ന ജീവിതശൈലി രോഗങ്ങളും അവികസിത രാജ്യങ്ങളില്‍ പടരുന്ന പകര്‍ച്ചവ്യാധികളും കേരളത്തില്‍ ഒരുമിച്ചു കാണപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതും പഠനവിധേയമാക്കേണ്ടതുമാണ്.
മണ്ണിന്റെയും മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന ഏക ആരോഗ്യ സമീപനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാവര്‍ഷം പകര്‍ച്ചവ്യാധികളുടെ രൂപത്തില്‍ നിരവധി പേരെ നഷ്ടപ്പെടുന്ന സ്ഥലമായി കേരളം മാറുന്നു.
കേട്ടുകേള്‍വിയില്ലാത്ത അസുഖങ്ങള്‍ വരെ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളും പടരുകയാണ്. പ്രമേഹം, രക്താധിസമ്മര്‍ദം പോലുള്ള രോഗങ്ങളുള്ളവരില്‍ മറ്റ് രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയേറെയാണ്. വിദ്യാസമ്പന്നരായിരിക്കേ ദൂഷ്യഫലങ്ങള്‍ അറിയാമായിരുന്നിട്ടും മദ്യം ഏറ്റവും അധികം ഉപയോഗിക്കുന്ന മലയാളികളുടെ ശീലമാണ് ഇതിനെല്ലാം ആധാരം.
അന്താരാഷ്ട്ര യാത്രകള്‍, പ്രതിരോധശേഷി കുറവ് എന്നിവ രോഗം പടര്‍ത്തുന്നു. ഭക്ഷണരീതി, ലഹരി ഉപയോഗം, വ്യായാമ കുറവ് എന്നിവയും രോഗംപിടപെടാന്‍ കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിപ പനി മരണങ്ങള്‍ നടന്ന സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആദ്യ ദിനം തന്നെ ചികിത്സ തേടണം. ഭക്ഷണ ശുചിത്വം പാലിക്കുക, വളര്‍ത്തു മൃഗങ്ങളെ ഓമനിക്കുമ്പോള്‍ ശ്രദ്ധിക്കുക, കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുക, രോഗി പരിചരണത്തില്‍ ജാഗ്രത പുലര്‍ത്തുക, പൊതു സ്ഥലങ്ങളില്‍ പോയതിന് ശേഷം ശരീരശുദ്ധി വരുത്തുക, അന്താരാഷ്ട്ര യാത്രകള്‍, അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, കിംവദന്തികള്‍ പ്രചരിപ്പിക്കാതിരിക്കുക തുടങ്ങി പത്തു മാര്‍ഗ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.
സത്യാവസ്ഥ മനസിലാക്കാതെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും അല്ലാതെയും കിംവദന്തികള്‍ പരത്തുന്നത് നിപയേക്കാള്‍ ഭീതിയുണ്ടാക്കും. മൂന്ന് കാര്യങ്ങള്‍ അനുകൂലമാകുന്നത് കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നത്. രോഗാണുവും പ്രതിരോധശേഷിയും സാഹചര്യവുമാണ് ഇവ. ആരോഗ്യമാതൃകയായ കേരളത്തില്‍ എങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതെന്ന് ആലോചിച്ചാല്‍ ശരിയായ ഉത്തരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തെപറ്റി ആകുലപ്പെടുന്നവരാണ് മലയാളികളെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ പറഞ്ഞു. കുറ്റപ്പെടുത്തലുകളും അഭിപ്രായവ്യത്യങ്ങള്‍ പറയാനുമുള്ള സമയമല്ല, മറിച്ച് പ്രതിരോധനടപടികള്‍ ശക്തമാക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ സന്ധ്യ, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ബിജു, ട്രഷറര്‍ പ്രദീപ്ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."