പൊന്നാനിയില്‍ കലിയിളകി കടല്‍; മൂന്ന് വീടുകളിലേക്ക് വെള്ളം കയറി, ലൈറ്റ് ഹൗസും ഭീഷണിയില്‍
പൊന്നാനി: പൊന്നാനിയില്‍ ശക്തമായ കടലാക്രമണം; മൂന്നു വീടുകളിലേക്ക് വെള്ളം കയറി. ലൈറ്റ് ഹൗസിലേക്കും കടല്‍ അരച്ചെത്തുന്നു. രണ്ടു ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയെയും അറബിക്കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴികളെയും തുടര്‍ന്നാണ് പൊന്നാനിയില്‍ കടലാക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശക്തമായ കടലാക്രമണമുണ്ടായത്.
വേലിയേറ്റ സമയത്ത് തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങുകയും തീരദേശത്തെ നിരവധി വീടുകളിലേക്ക് വെള്ളം കയറ്റുകയും ചെയ്തു. പൊന്നാനി ലൈറ്റ് ഹൗസിന് സമീപത്തെ കമ്മാക്കാനകത്ത് സിദ്ദീഖ്, കോയാലിക്കാനകത്ത് സുബൈര്‍, താഴത്തേല്‍ നഫീസ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്.
കടല്‍ഭിത്തി ഇല്ലാത്തയിടങ്ങളില്‍ തീരദേശ റോഡിനേയും തിരമാലകള്‍ അടിച്ചു കയറ്റുന്നത് തടയുന്നതിനായി കെട്ടിയ മണല്‍ കൂമ്പാരത്തെയും മറികടന്നാണ് വീടുകളിലേക്ക് വെള്ളം കയറിയത്. ലൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ തീരദേശ റോഡ് കടലാക്രമണത്തില്‍ പൂര്‍ണമായി തകരുകയും ചെയ്തു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലൈറ്റ് ഹൗസിന് പിന്‍ഭാഗത്ത് കരിങ്കല്ലുകള്‍ നിരത്തിയതിനാല്‍ കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തില്‍ ലൈറ്റ് ഹൗസിലേക്ക് കാര്യമായി വെള്ളം കയറിയില്ല. ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന അറിയിപ്പ് ലഭിച്ചെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന കടലാക്രമണം കടലോര വാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."