അവര്‍ക്ക് ഒന്നും ഒരു പ്രശ്‌നമല്ല!
കൊണ്ടോട്ടി: അടച്ചിട്ട കടകളുടെ ഷട്ടര്‍ ഒറ്റവലിക്ക് ഉയര്‍ത്തി പൊട്ടിക്കാനുള്ള ആരോഗ്യം, ആരെയും കൂസാത്ത പ്രകൃതം, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണം, മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും യഥേഷ്ട ഉപയോഗം, കൊണ്ടോട്ടിയില്‍ പിടിയിലായ അഞ്ചു കുറ്റവാളികളെ ചോദ്യം ചെയ്തപ്പോള്‍ പൊലിസിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍.
പിടിയിലായ അഞ്ചുപേരും കോഴിക്കോട് ജിലക്കാരും ഒരേ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പുത്തംപുരക്കല്‍ അഷ്‌റഫാ (28) ണ് സംഘത്തലവന്‍. ഇയാളുടെ ഒരു ദിവസത്തെ ചെലവിനുതന്നെ ആറായിരം മുതല്‍ ഏഴായിരംരൂപവരെ വേണം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തോടാണ് പ്രിയം. കഞ്ചാവും ലഹരിയും വേറെയും. ലഹരി കിട്ടാത്തപ്പോള്‍ ദേഹം ദ്രോഹിക്കുന്ന അവസ്ഥയുമുണ്ട്. നേരിട്ടുള്ള ആക്രമണത്തിനടക്കം തയാറായാണ് അഷ്‌റഫിന്റെയും സംഘത്തിന്റെയും യാത്ര. കോഴിക്കോട് എയ്ഡ്‌പോസ്റ്റ് രണ്ടു തവണ അക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഇവരെ കീഴ്‌പ്പെടുത്താനും പൊലിസിനു ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. അഷ്‌റഫിന്റെ സഹായിയായാണ് കോഴിക്കോട് ചാലപ്പുറം കാല്യണ്‍പുരി അശ്വിന്‍ സംഘത്തില്‍ ചേരുന്നത്. ഇവരുടെ മെക്കാനിക്കല്‍ ഓപറേറ്റര്‍ അശ്വിനാണ്.
കോഴിക്കോട് ജില്ലയിലെ പേട്ട, തിരുവണ്ണൂര്‍, ബേപ്പൂര്‍, കോട്ടൂളി, നടക്കാവ്, മാവൂര്‍ റോഡ്, ബീച്ച് റോഡ്, ചേവായൂര്‍, കുന്ദമംഗലം, കരിക്കാംകുളം, അത്തോളി, മാങ്കാവ്, കൊയിലാണ്ടി,ബാലുശ്ശേരി, ചേളന്നൂര്‍, കുമാര സ്വാമി, പൂളാടിക്കുന്ന്, ഉള്ളിയേരി, വെള്ളിമാടുകുന്ന്, താമരശ്ശേരി, വയനാട് ജില്ലയിലെ ബത്തേരി, ചൂണ്ടേല്‍, ഗൂഡല്ലൂര്‍ റോഡ്, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി സംഘം സമ്മതിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി 16 കേസുകള്‍ നിലവിലുണ്ട്.
സംഘത്തില്‍ ഒന്‍പതു പേരാണുള്ളത്. ഇവരില്‍ കണ്ണൂര്‍ കുടിയാന്‍മല സാഹിര്‍ (24), കണ്ണൂര്‍ കുടിയാന്‍മല അര്‍ജുന്‍ എന്നിവര്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.
കണ്ണൂര്‍ പടപ്പേങ്ങാട് കെ.കെ ജാബിര്‍ മുഹമ്മദിനേയും മറ്റൊരു പ്രതിയേയും പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."