മദ്യം നിരോധിക്കണമെന്ന് പ്രതിപക്ഷം
കൊല്‍ക്കത്ത: ബിഹാറിലെന്നപോലെ പശ്ചിമബംഗാളിലും മദ്യനിരോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. കഴിഞ്ഞ ഏപ്രിലിലാണ് ബിഹാറില്‍ മദ്യം നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി നിധീഷ്കുമാര്‍ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ബംഗാളിലും മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതിന് എന്തു തടസമാണുള്ളതെന്നു ചോദിച്ച ഫോര്‍വേഡ്ബ്ലോക്ക് അംഗവും എം.എല്‍.എയുമായ അലി ഇമ്രാന് റംസ്, എതിര്‍പ്പില്ലെങ്കില്‍ നിരോധനം നടപ്പാക്കുന്ന കാര്യത്തില്‍ സ്വീകരിക്കുന്ന കാലതാമസമെന്താണെന്നും ചോദിച്ചു. സംസ്ഥാന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവേയാണ് എം.എല്‍.എ ഈ ചോദ്യം സര്‍ക്കാരിനോട് ഉന്നയിച്ചത്.
നിയമസഭയിലെ സി.പി.എം അംഗമായ സുജന്‍ ചക്രവര്‍ത്തിയും റംസിന്റെ വാദത്തെ അനുകൂലിച്ച് രംഗത്തെത്തി. റംസിന്റെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗമായ മാനസ് ബുനിയയും അനുകൂലിച്ചു. സര്‍ക്കാര്‍ പരോക്ഷമായി മദ്യപാനത്തെ അനുകൂലിക്കുകയാണെന്നും മദ്യം വിറ്റുലഭിക്കുന്ന നികുതിയിലാണു സര്‍ക്കാരിന്റെ കണ്ണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് മദ്യവില്‍പ്പന വഴി 717 കോടി രൂപ എക്സൈസ് ഡ്യൂട്ടിയിലൂടെ അധിക വരുമാനമുണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി മദ്യക്കമ്പനികളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും മാനസ് ബുനിയ പറഞ്ഞു. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ആവശ്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്ന് അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."