കൊച്ചി നഗരസഭ ബജറ്റ് ചര്‍ച്ച:മെട്രൊയ്ക്ക് സമീപത്തെ കെട്ടിടങ്ങള്‍ക്കുള്ള നികുതി നിര്‍ദേശത്തിനെതിരേ വിമര്‍ശനം
കൊച്ചി: മെട്രൊ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിനെതിരേ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ബജറ്റ് ചര്‍ച്ചയില്‍ വിമര്‍ശനം. ശനിയാഴ്ച്ച ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ച കൊച്ചി നഗരസഭാ ബജറ്റിലാണ് മെട്രൊ പരിസര വാസികള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതായി നിര്‍ദേശമുണ്ടായത്. മെട്രൊ ഓടിത്തുടങ്ങുന്നതോടെ ഡെവലപ്പ്‌മെന്റ് ചാര്‍ജ് ഇനത്തില്‍ നികുതി വര്‍ധിപ്പിക്കാനായിരുന്നു നീക്കം.
ഭരണകക്ഷി അംഗവും ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബുവു തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മെട്രൊ കടന്നു പോകുന്നതു കൊണ്ട് സമീപ വാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ല. കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മെട്രൊ കടന്നു പോയാല്‍ പരിസരവാസികള്‍ നികുതി കൊടുക്കണെന്ന് പറയുന്നത് ന്യായമല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ചന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിക്കുന്നതില്‍ നഗരസഭ ഗുരുതര വീഴ്ച്ച വരുത്തിയതായി ചര്‍ച്ചയില്‍ അംഗങ്ങള്‍ രാപിച്ചു. 2015-2016ല്‍ പദ്ധതി ചെലവ് 545കോടിയായി വിഭാവനം ചെയ്തത് 2016-2017ല്‍ പുതുക്കി അവതരിപ്പിച്ചപ്പോള്‍ 243 കോടിയിലേക്ക് ചുരുങ്ങി. ഏകദേശം 300കോടി രൂപയുടെ ഫണ്ട് വെട്ടി കുറച്ചത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വിഹിതം സമയബന്ധിതമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലാണെന്ന് വി.പി ചന്ദ്രന്‍ പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി അനുവദിച്ച ഫണ്ടും യഥാസമയം വിനിയോഗിക്കാത്തതിനാല്‍ പോയ വര്‍ഷം അനുവദിച്ച 12.5കോടിക്ക് പകരം 8.14കോടി മാത്രമാണ് അനുവദിച്ചത്. റോഡിതര നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഫണ്ടിലും 3.75കോടിയുടെ കുറവ് വന്നു. ഇത് ഗുരുതര വീഴ്ച്ചയാണെന്നും ചന്ദ്രന്‍ ആരോപിച്ചു.
നടപ്പാക്കാന്‍ സാധിക്കാത്ത കേബിള്‍ ടി.വി നികുതി തനത് വരുമാനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത് വന്‍ അബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആരോപിച്ചു. കോക്കേഴ്‌സ് തീയറ്റര്‍ ഏറ്റെടുക്കാതെ തന്നെ അവിടെ ഫിലിം സിറ്റി സ്ഥാപിക്കാന്‍ ഒരുകോടി രൂപ വകയിരുത്തിയതിനെതിരെയും പരസ്യ നികുതി, മട്ടാഞ്ചേരി അറവ്ശാല എന്നീ വിഷയങ്ങളിലും വിമര്‍ശനമുണ്ടായി.
അതേസമയം പെട്ടിക്കടകളെ നിയന്ത്രിക്കാനുള്ള ബജറ്റ് നിര്‍ദേശം നല്ലതാണെങ്കിലും ജീവിക്കാനായി ഒരു വാഹനവുമായി നഗരത്തിലെത്തുന്നവരെ നിയന്ത്രിക്കരുതെന്ന് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഷീബലാല്‍, എലിസബത്ത് സെബാസ്റ്റ്യന്‍, വത്സലാ ഗിരീഷ്, സുനിത അഷറഫ്, ഒ.പി സുനില്‍, പി.എസ് ഷൈന്‍, ഡോ. പൂര്‍ണ്ണിമ നാരായണന്‍, കെ.കെ രവികുട്ടന്‍, പി.എസ് പ്രകാശ്, കെ.ജെ ബേസില്‍, സുനില ശെല്‍വന്‍, എലിസബത്ത് ഇടിക്കുള, ശ്യാമള പ്രഭു, ജിമിനി, കെ.വി.പി കൃഷ്ണകുമാര്‍, ടി.കെ അഷ്‌റഫ്, പി.എം ഹാരിസ്, വി.കെ മിനിമോള്‍, ഗ്രേസി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബഹളമയമാക്കി
'സരിതയും ശശീന്ദ്രനും'
കൊച്ചി: ബജറ്റ് ചര്‍ച്ചക്കിടെ സരിത, ശശീന്ദ്രന്‍ വിഷയങ്ങള്‍ ബഹളത്തിനിടയാക്കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ലൈംഗീക ചുവയുള്ള സംഭാഷണം ഭരണ കക്ഷി കൗണ്‍സിലര്‍മാര്‍ സംസാര വിഷയമക്കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍ ഒ.പി സുനില്‍ സരിത വിഷയം ഉന്നയിച്ചു.
പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ചര്‍ച്ച വഴി വിട്ടു. വാക് പോരിനൊടുവില്‍ ബഹളം ശമിച്ച ശേഷമാണ് ചര്‍ച്ച തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."