കുറ്റവിമുക്തനായിട്ടും പെന്‍ഷനില്ല; മൂന്നുമാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കാത്ത പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. പഞ്ചായത്ത് വകുപ്പില്‍ നിന്നും വിരമിച്ച തനിക്ക് വിജിലന്‍സ് കേസുകളുടെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് കൊല്ലം പനയഞ്ചേരി സ്വദേശി പി.എ നുജൂം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിജിലന്‍സ് കേസിന്റെ പേരില്‍ പരാതിക്കാരന് പ്രൊവിഷണല്‍ പെന്‍ഷന്‍ മാത്രമാണ് നല്‍കുന്നത്.
ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കേസ് തീര്‍പ്പാക്കുന്ന മുറയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കേസ് തീര്‍പ്പാക്കി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കമ്മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ സസ്‌പെന്‍ഷന്‍ കാലം ക്രമീകരിക്കാന്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലം ക്രമവല്‍ക്കരിച്ച് ഉത്തരവായാല്‍ മാത്രമേ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു. മൂന്നുമാസത്തിനകം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കോടതി വിധിക്ക് അനുസൃതമായി നല്‍കിയശേഷം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."