ദുരഭിമാനക്കൊലയില്‍ പ്രതികരിച്ച് കേരളം
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അയല്‍പക്കമായ തമിഴ്‌നാട്ടിലും ഉയര്‍ന്നുകേട്ടിരുന്ന ദുരഭിമാനക്കൊലകള്‍ കേരളത്തിലും വേരുറപ്പിക്കുന്നതിന്റെ തെളിവാണ് കെവിന്റെ മരണം. മതേതര ചിന്തകള്‍ ഉണര്‍ത്തി മിശ്രവിവാഹങ്ങള്‍ക്ക് പിന്തുണയേകുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് എത്തിയതിനും കേരളം സാക്ഷിയാവുകയാണ്. കേരളത്തില്‍ ആദ്യം പുറത്തറിഞ്ഞ ദുരഭിമാന കൊലപാതകം 2001 ലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണയുടേതായിരുന്നു. അതൊരു ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍, രണ്ടു മാസം മുന്‍പ് ദലിത് പട്ടാളക്കാരനെ പ്രണയിച്ചതിന് സ്വന്തം മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തിയതോടെയാണ് കേരളവും ദുരഭിമാനക്കൊലയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.
മലപ്പുറം അരീക്കോട് പൂവത്തിക്കണ്ടിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ആതിരയെ കുത്തിക്കൊന്നത് സ്വന്തം അച്ഛന്‍ രാജനായിരുന്നു. അതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് നവവരനായ കെവിന്റെ കൊലപാതകം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് വധുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ മാര്‍ച്ച് 23ന് ആയിരുന്നു ആതിര കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ബ്രിജേഷ് അമ്മ വല്ലിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആതിരയെ പരിചയപ്പെടുന്നത്. ദലിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ അച്ഛന്‍ രാജന്‍ എതിര്‍ത്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ പൊലിസ് ഇടപെടലും ഉണ്ടായി. വീടിനു തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ആതിരയെ പിതാവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്.
ദലിത് ക്രൈസ്തവരാണ് കെവിനും കുടുംബവും. നീനുവിന് വീട്ടുകാര്‍ മറ്റൊരു വിവാഹം തീരുമാനിച്ചതോടെ കെവിനൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോരുകയായിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തിലേക്ക് എത്തിയത്.
എന്നാല്‍ കെവിന്റെ കൊലപാതകം വിപ്ലവ യുവജന പ്രസ്ഥാനത്തിന് തെല്ലൊന്നുമല്ല അലോസരം സൃഷ്ടിക്കുന്നത്. നവമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനവും പരിഹാസവും ഏറിയതോടെ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നു. കോട്ടയത്ത് കെവിനും വധുവിനും സഹായം നല്‍കിയെന്നും കാണാതായപ്പോള്‍ പൊലിസില്‍ പരാതി നല്‍കുന്നതിന് സഹായം നല്‍കിയെന്നും ഡി.വൈ.എഫ്.ഐ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് ചാക്കോ പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവിയാണെന്നും സഹോദരന്‍ ഷാനു ചാക്കോ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
കെവിന്റെ മരണത്തിന് പിന്നില്‍ സ്വന്തം പ്രവര്‍ത്തകരുടെ പങ്കാളിത്തം പുറത്തുവന്നത് ഡി.വൈ.എഫ്.ഐക്ക് തിരിച്ചടിയാണ്. മിശ്രവിവാഹങ്ങള്‍ക്കു പിന്തുണയും ഉത്തരേന്ത്യന്‍ ജാതിക്കൊലകള്‍ക്കെതിരേ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐയെ പ്രതിരോധത്തിലാക്കുന്നതാണ് കെവിന്റെ കൊലപാതകം. സംഘടനയ്ക്കുള്ളിലും പുറത്തും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് നേതൃത്വം.
പ്രിയതമന്റെ വിയോഗത്തില്‍ തളര്‍ന്ന് നീനു
ആര്‍പ്പൂക്കര: 'എനിക്കെന്റെ കെവിനെ തിരിച്ചു കിട്ടിയാല്‍ മതി'. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മൂന്നാം വാര്‍ഡില്‍ നിന്നും തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതറിഞ്ഞുള്ള നീനുവിന്റെ നിലവിളി കണ്ടുനിന്നവരെയും ദു:ഖത്തിലാഴ്ത്തി.
ഭര്‍ത്തൃപിതാവ് ജോസഫിനെ കെട്ടിപ്പിടിച്ച് കൊണ്ടായിരുന്നു നവവധുവിന്റെ പൊട്ടിക്കരഞ്ഞത്. ഭര്‍ത്താവിന്റെ വീടിനുള്ളില്‍ മോഹാലസ്യപ്പെട്ടു വീണ നീനുവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
താനും കെവിനും പ്രണയത്തിലായിരുന്നുവെന്നും, വ്യത്യസ്ത ജാതിയില്‍പ്പെട്ടതും, കെവിന്‍ സാമ്പത്തികമായി തന്നെ അപേക്ഷിച്ച് പിന്നാക്കാവസ്ഥയായതുമാണ് ഞങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുവാന്‍ കാരണമെന്നും യുവതി പറഞ്ഞു.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു സഹോദരന്റെ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നും നീനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."