കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ പറത്തിയവരും വിലക്കിടുന്നവരും
മലബാറിന്റെ വികസന കുതിപ്പിന് കരിപ്പൂര്‍ വിമാനത്താവളം വഴി ആകാശ വീഥി തുറന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുമ്പോള്‍ വിമാനത്താവളം നിലനില്‍പ്പ് പോരാട്ടം തുടരുകയാണ്. കുറഞ്ഞ ഭൂമിയില്‍ പ്രവര്‍ത്തിച്ച് പരിമിതികളില്‍ പറന്ന് മുപ്പത് വയസ്സിലെത്തിയ കരിപ്പൂര്‍ വിമാനത്താവളം ഇന്നും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാന പ്രതീക്ഷയുളള ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മുന്‍നിരയിലാണ്.
2017-18 സാമ്പത്തിക വര്‍ഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂരിലുണ്ടായത്. തൊട്ടുമുമ്പുളള വര്‍ഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. 92 കോടി രൂപയുടെ അധിക വരുമാനമാണ് കരിപ്പൂര്‍ കഴിഞ്ഞ വര്‍ഷം മാത്രമുണ്ടാക്കിയത്. വരുമാന കുതിപ്പില്‍ വരും വര്‍ഷം 162 കോടിയുടെ നേട്ടമാണ് കരിപ്പൂരില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, കരിപ്പൂരിന്റെ വികസന കുതിപ്പിന് അവസാന തടയിടാനുളള കുല്‍സിത ശ്രമങ്ങളാണ് അണിയറയില്‍ നടന്നുവരുന്നത്. ഇതിന് പിറകില്‍ ഉദ്യോഗസ്ഥര്‍ മുതല്‍ സ്വകാര്യ വിമാനത്താവളങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ വരെയുണ്ട്.
കണ്ണംകൊട്ടുപാറയിലെ വിമാനത്താവളം
മലബാറില്‍ ഒരു വിമാനത്താവളം എന്ന ലക്ഷ്യവുമായി രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലുള്ളവര്‍ അക്ഷീണം പ്രയത്‌നിച്ചതു മൂലമാണ് കോഴിക്കോട് വിമാനത്താവളം കരിപ്പൂരില്‍ മുപ്പത് വര്‍ഷം മുമ്പ് ആരംഭിച്ചത്.പതിറ്റാണ്ടായി തുടരുന്ന സമരങ്ങളും നിവേദനങ്ങളും ഇന്നും മുടങ്ങാതെ നടക്കുന്നു. 14 വര്‍ഷമായി നടത്തിയ വലിയ വിമാന സര്‍വീസുകളും ഹജ്ജ് സര്‍വീസുകളും പുനസ്ഥാപിക്കണമെന്നതാണ് പുതിയ സമരങ്ങള്‍ക്ക് ആധാരം.
ആകാശത്ത് വിമാനം വട്ടമിട്ട് പറന്ന് അതു പിന്നീട് റണ്‍വെയിലൂടെ കുതിച്ചോടി,കിതച്ചു നിന്ന കാഴ്ച കരിപ്പൂരിലെ പ്രദേശവാസികളുടെ കണ്‍മുന്നില്‍ ഇന്നുമുണ്ട്. ഇഞ്ചിയും കപ്പയും ഉണക്കാനിട്ട, കൃഷിയിറക്കിയ സ്ഥലത്താണ് ആദ്യവിമാനം 1988 മാര്‍ച്ച് 23ന് പറന്നിറങ്ങിയത്. വിമാനം കാണാന്‍ നാട്ടുകാരും ചുറ്റുംകൂടി.പറന്നുയര്‍ന്നപ്പോള്‍ പിറകെ ഓടി. അടച്ചിടാന്‍ ഗേറ്റും,തോക്കു ചൂണ്ടിയ പാറാവുകാരുമില്ലാതെ കരിപ്പൂരില്‍ വന്നിറങ്ങിയ വിമാനത്തിത്തിന്റെ ലാന്റിങ് ഇന്നും ഒളിമങ്ങാത്ത ഓര്‍മയായി നാട്ടുകാരിലുണ്ട്. കരിപ്പൂര്‍ റണ്‍വെയില്‍ പരീക്ഷണപ്പറക്കലിനാണ് മുംബൈയില്‍ നിന്നുളള ആദ്യ വിമാനമെത്തിയത്. പിന്നീട് ഏപ്രില്‍ 13ന് വിഷുത്തലേന്നാണ് കരിപ്പൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
മുംബൈയിലേക്കുളള ഇടത്താവളമായി പ്രവര്‍ത്തിച്ച കരിപ്പൂരില്‍ നിന്ന് 1992 മുതല്‍ ഷാര്‍ജ സര്‍വീസ് തുടങ്ങിയതോടെയാണ് മലബാറിന്റെ വികസന കുതിപ്പ് തുടങ്ങിയത്. റണ്‍വെ വികസനം 1996ല്‍ ആരംഭിച്ച് 2001ല്‍ പൂര്‍ത്തീകരിച്ച് ജിദ്ദയിലേക്കു ഹജ്ജ് സര്‍വീസും ആരംഭിച്ചു. രാത്രികാല സര്‍വീസിന് 2004ല്‍ അനുമതിയായ കരിപ്പൂരില്‍, 2006ല്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കിയതോടെ വിദേശ വിമാനസര്‍വീസുകള്‍ തുടങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന കരിപ്പൂരില്‍ 2015 മെയ് മുതല്‍ വലിയ വിമാനങ്ങള്‍ പന്‍വലിച്ചതോടെയാണ് താളംതെറ്റിത്തുടങ്ങിയത്.
വലിയ വിമാനങ്ങള്‍ പറത്തിയവര്‍
2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്. റണ്‍വെ വികസനം പൂര്‍ത്തിയായതോടെയാണിത്. 2002ല്‍ ഹജ്ജ് സര്‍വീസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊളളുന്ന ജെമ്പോ വിമാനമായിരുന്നു. ഇതിന് പിറകില്‍ ശക്തമായി പ്രവര്‍ത്തിച്ചത് അന്തരിച്ച എം.പി ഇ.അഹമ്മദും, അന്നത്തെ എയര്‍പോര്‍ട്ട് ഡയറക്ടറും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ സി.വിജയകുമാറുമായിരുന്നു. ഡി.ജി.സി.എ ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് തടസ്സങ്ങളുന്നയിക്കാതെയാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത്.
എന്നാല്‍, അന്താരാഷ്ട്രപദവിയും,രാത്രികാല സര്‍വീസ് അനുമതിയും വൈകിയതോടെ വിദേശ വിമാന സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. വീണ്ടും കരിപ്പൂരിന്റെ പരിസരം സമരങ്ങളുടെ വേലിയേറ്റം തീര്‍ക്കപ്പെട്ടു. ഒടുവില്‍ 2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കിയതോടെ അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കും സര്‍വീസിന് അനുമതിയായി.പരിമിതമായ സൗകര്യങ്ങളിലും വിമാന സര്‍വീസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30 വരെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീടാണ് റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിഷേധിച്ചത്.
കുരുക്കിടുന്നത് മലയാളികളോ...?
കരിപ്പൂര്‍ റണ്‍വെക്ക് 2850 മീറ്റര്‍ നീളമാണുള്ളത്. എന്നാല്‍, കരിപ്പൂരിനേക്കാള്‍ കുറഞ്ഞ 2760 മാത്രം നീളമുളള ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍(ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂര്‍, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്ലെല്ലാം റണ്‍വെ സ്ട്രിപ്പ് 150 മീറ്ററാണുളളത്. എന്നിട്ടും കരിപ്പൂരിനെ മാത്രം അവഗണിക്കുന്നു.
റണ്‍വെ റീ-കാര്‍പ്പറ്റിങ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയില്ല.സമരങ്ങള്‍ പിന്നേയും ശക്തമാക്കി സംസ്ഥാന സര്‍ക്കാരും എം.പി മാരും,വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും. ഇതിനെ തുടര്‍ന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സാധ്യത പഠനം നടത്താന്‍ അധികൃതര്‍ തയ്യാറായി. തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ഉന്നതസംഘം കരിപ്പൂരിലെത്തി പരിശോധന നടത്തി.ഇതിനെ തുടര്‍ന്ന് ബി 777-200 വിഭാഗത്തിലുളള വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളുടെ സംയുക്ത പഠനം നടത്താന്‍ ഡി.ജി.സി.എ നിര്‍ദേശിച്ചു. കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥര്‍ കോഡ് ഇ യിലുളള വിവിധ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുകൂലമായി വിശദമായ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 300ലധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നിവക്ക് അനുകൂലമായി അതോറിറ്റി നിലപാട് സ്വീകരിച്ചു.
സര്‍വീസ് നടത്താനുദ്ദേശിക്കുന്ന വിമാനകമ്പനിയോട് പുതിയ നടത്തിപ്പ് ക്രമം (ഓപറേഷനല്‍ പ്രൊസിജ്യര്‍), സുരക്ഷ വിലയിരുത്തല്‍ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സൗദി എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന് നല്‍കി.എന്നാല്‍, ഇതിന് വീണ്ടും തടസ്സങ്ങള്‍ ഉന്നയിക്കുകയാണ് കാര്യാലയം.വിമാനത്തിലെ ഇന്ധനടാങ്കിന്റെ ശേഷിയനുസരിച്ച്, നിറയെ യാത്രക്കാരും കാര്‍ഗോയും വഹിച്ച് സര്‍വിസ് നടത്താനാവശ്യമായ ക്ഷമത കരിപ്പൂരിലെ റണ്‍വേക്കുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പുതിയ ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്.ഇതോടെ വിഷയത്തില്‍ ഡി.ജി.സി.എയുടെ അന്തിമ അനുമതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതുവരെ ആയിട്ടില്ല.
കരിപ്പൂരിന്റെ ചിറകരിയാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനും മലയാളിയുമായ മുന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിട്ടുണ്ട്.കരിപ്പൂരില്‍ ഡയറക്ടറായിരുന്ന കാലത്ത് തന്നെ ഇദ്ദേഹത്തിന്റെ ചില ഇടപെടലുകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് അലോസരവും പരസ്പര വൈര്യവും വളര്‍ത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ മാറ്റിയത് കടുത്ത എതിര്‍പ്പുണ്ടാക്കിയിരുന്നു.
വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ ദേഹപരിശോധന നടത്തി,ബാഗും ചോറ്റുപാത്രം പോലും കേന്ദ്ര സുരക്ഷാ സേനയെ കൊണ്ട് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫും തമ്മില്‍ വൈര്യം പടരാന്‍ ഇടയായതില്‍ പ്രധാന കാരണം കൂടിയാണിത്. ഈ വൈര്യമാണ് കരിപ്പൂരില്‍ രണ്ട് വര്‍ഷം മുമ്പ് സി.ഐ.എസ്.എഫ്-അതോറിറ്റി ഉദ്യോഗസ്ഥര്‍ തമ്മിലുളള ഏറ്റുമുട്ടലിലും വെടിവയ്പിലും കലാശിച്ചത്. കരിപ്പൂര്‍ ക്രിട്ടിക്കല്‍ വിമാനത്താവളമാക്കാനാണ് ഇത് സഹായിച്ചത്. ഈ ആക്ഷേപങ്ങളുളള ഉദ്യോഗസ്ഥന്‍ തന്നെയാണ് നിലവില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്നാണ് നിലവിലെ ആരോപണം.
കരിപ്പൂര്‍ റണ്‍വെയും പ്രവാസികളും
കരിപ്പൂര്‍ റണ്‍വെയില്‍ ഓരോ വിമാനവും ലാന്റ് ചെയ്യുമ്പോള്‍ പഴയകാല പ്രവാസികള്‍ക്ക് അഭിമാനിക്കാം.മണലാരുണ്യത്തില്‍ പ്രവാസികളൊഴുക്കിയ വിയര്‍പ്പിന്റെ പങ്കുകൂടിയാണ് കരിപ്പൂര്‍ റണ്‍വെ.1996 ലാണ് കരിപ്പൂര്‍ ആറായിരം അടിയില്‍ നിന്ന് ഒമ്പതിനായിരം അടിയായി റണ്‍വെ നീളം കൂട്ടുന്നത്. 60 കോടിക്ക് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത് 120 കോടിക്കാണ്. ഈ തുക ഹഡ്‌കോയില്‍ നിന്ന് വായ്പ എടുക്കുകയായിരുന്നു.ഈ തുക തിരിച്ചടക്കാനായി വിമാനത്താവളത്തില്‍ എത്തുന്ന ഓരോ യാത്രക്കാരനില്‍ നിന്നും യൂസേഴ്‌സ് ഫീ പിരിക്കുകയായിരുന്നു.
റണ്‍വെ 51 ഏക്കര്‍ നികത്താനായി മാത്രം സമീപത്തെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കേണ്ടി വന്നത് പാരിസ്ഥിതിക ആഘാതവുമുണ്ടാക്കി.ലോകത്ത് ഇത്രയും മണ്ണിട്ടുയര്‍ത്തി പണിത ഒരു വിമാനത്താവളം വേറെയില്ല.നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ജോലികള്‍ എട്ട് വര്‍ഷം സമയമെടുത്താണ് ചെയ്തത്. ഈ സമയത്തിനുളളില്‍ നെടുമ്പാശ്ശേരിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതികത്വമാണ് നിലവില്‍ റണ്‍വെ നീളം കൂട്ടുന്ന ജോലികളില്‍ നിന്ന് അതോറിറ്റി പിന്മാറിയത്.നിലവില്‍ നടക്കുന്ന റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ പ്രവൃത്തികള്‍ നടത്താന്‍ മണ്ണ് എത്തിക്കാനാവാത്തതിനാല്‍ എംസാന്റ് ഉപയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്.
മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ടതിനാല്‍ രാത്രികാല സര്‍വീസിന് നാലു ലീഡിങ് ലൈറ്റുകളുടെ സഹായത്തോടെയാണ് വിമാനമിറങ്ങുന്നത്.സ്വിറ്റ്‌സര്‍ലന്‍ഡിലും ഹോങ്കോങ്ങ് പോലോത്ത വിദേശ രാജ്യങ്ങളിലുമാണ് ഇത്തരത്തില്‍ കോടികള്‍ വിലപിടിച്ച ലീഡിങ് ലൈറ്റുകള്‍ സ്ഥാപിച്ച് വിമാനങ്ങളിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."