കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി
ന്യൂഡല്‍ഹി: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അല്ലെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാളെ പറയുമെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
കടങ്ങള്‍ എഴുതിത്തള്ളുമെന്നുള്ളത് തെരഞ്ഞെടുപ്പ് സമയത്തുള്ള തന്റെ വാഗ്ദാനമാണ് . അത് നടപ്പിലാക്കും. അത് സത്യമാണ്. ഇന്ന് സംസാരിക്കാന്‍ പരിധിയുണ്ടെന്നും പിന്നീട് കൂടുതല്‍ വ്യക്തമാക്കാം. തന്റെ വാഗ്ദനം നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിക്കും. ബി.ജെ.പി തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയാണ് താന്‍. മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം അവര്‍ക്കായി സേവനം ചെയ്യും. കാര്‍ഷിക കടങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പ്രസ്താവനകളില്‍ ഉത്കണ്ഠയുണ്ടാവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിച്ചുവെന്ന് ജനതാദള്‍ (എസ്) നേതാവ് ദേവഗൗഡ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട് എന്നിവരുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ താന്‍ സമ്മതം അറിയിച്ചപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ദേവഗൗഡ പറഞ്ഞു.
കോണ്‍ഗ്രസ്, ജെ.ഡി(എസ്) സഖ്യത്തില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയിലായിരിക്കെയാണ് ദേവഗൗഡയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."