ഫോര്‍ട്ട്‌കൊച്ചിയിലെ യാത്രക്കാര്‍ ദുരിതത്തില്‍
മട്ടാഞ്ചേരി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നുള്ള ബോട്ട് സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് നൂറ് കണക്കിന് യാത്രക്കാര്‍ ദുരിതമാകുന്നു. സമയാസമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതാണ് പലപ്പോഴും സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
നൂറ് കണക്കിന് ആളുകളാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് നഗരത്തിലെത്താന്‍ ബോട്ട് സര്‍വ്വീസിനെ ആശ്രയിക്കുന്നത്. യാത്രക്കാര്‍ കൂടുതലുള്ള രാവിലെയും വൈകിട്ടുമുള്ള സര്‍വ്വീസുകളാണ് പലപ്പോഴും മുടങ്ങുക. നഗരത്തില്‍ ജോലി സംബന്ധമായും മറ്റും പോകുന്നവരാണ് ഇത് മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
ചിലവ് കുറവും സമയ ലാഭവുമായതിനാലാണ് ഏറിയ പങ്കും യാത്രക്കാര്‍ ബോട്ട് സര്‍വ്വീസിനെ ആശ്രയിക്കുന്നത്. ശരിയാം വിധം സര്‍വ്വീസ് നടത്തിയാല്‍ ഇവിടെ നിന്ന് നല്ല ലാഭം കിട്ടുമെന്നിരിക്കെ അധികൃതരുടെ അനാസ്ഥ മൂലം ഇത് ഇല്ലാതാകുകയാണ്. രാവിലെയുള്ള ആറ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ കൊച്ചിക്കാര്‍ അനുഭവിക്കുന്ന യാത്രാദുരിതം ചെറുതൊന്നുമല്ല.
നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ യാത്ര ചെയ്യുന്ന തിരക്കുള്ള സമരത്തെ ഷെഡ്യൂളുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ആറ് സര്‍വ്വീസുകള്‍ തുടര്‍ച്ചയായി റദ്ദ് ചെയ്യപ്പെട്ടതോടെ മറ്റ് ഷെഡ്യൂള്‍ സമയങ്ങളില്‍ അനുവദനീയമായതിനേക്കാല്‍ കൂടുതല്‍ യാത്രക്കാര്‍ കയറുകയും അത് അപകടത്തിന് വഴി വെക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അത് മാത്രമല്ല മിക്കവാറും ബോട്ടുകള്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്.
മഴ പെയ്താല്‍ ബോട്ടില്‍ കുടയും ചൂടിയിരിക്കേണ്ട സാഹചര്യമാണ്. ഫോര്‍ട്ട്‌കൊച്ചി ജെട്ടിയില്‍ ശുചിമുറി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തന സജ്ജമല്ല.
രാത്രിയില്‍ ജെട്ടിയില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. യാത്രക്കിടയില്‍ പലപ്പോഴും ബോട്ടുകള്‍ യന്ത്രം നിലച്ച് ഒഴുകി നടക്കുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.
അനാസ്ഥ വെടിഞ്ഞ് ബോട്ട് സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍ ജലഗതാഗത വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ നടത്തിയിട്ടും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല. ശക്തമായ സമരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."