കുട്ടിക്കഥയില്‍ വട്ടം കറങ്ങി പൊലിസ്
സ്‌കൂളില്‍ നിന്ന് ചാടിപ്പോന്ന വിദ്യാര്‍ഥിയാണ് പൊലിസിനെ കുഴക്കിയത്
വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് പഠനം നടത്തുന്ന പത്ത് വയസുകാരന്‍ വടക്കാഞ്ചേരി പൊലിസിനെ വട്ടം കറക്കി. അഗളി കോട്ടത്തറ നായ്ക്കര്‍ പാടി മുരുകന്‍ സെല്‍വി ദമ്പതികളുടെ മകനും എം.ആര്‍.എസ് വിദ്യാര്‍ഥിയുമായ പത്ത് വയസുകാരനാണ് മണിക്കൂറുകളോളം പൊലിസ് ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടി ഒറ്റക്ക് നില്‍ക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ വടക്കാഞ്ചേരി പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലിസ് കുട്ടിയെ ഏറ്റെടുക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോകുകയും ചെയ്തു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ വിശക്കുന്നു എന്നായി കുട്ടി. ഉടന്‍ ഇഷ്ടപ്പെട്ട ഭക്ഷണം പൊലിസ് എത്തിച്ച് നല്‍കിയതോടെ ബാലന്‍ നുണ കഥ പറയാനും ആരംഭിച്ചു. അഗളി കോട്ടതറ ആരോഗ്യ മാതാ സ്‌കൂളിലാണ് താന്‍ പഠിക്കുന്നതെന്നും തനിക്ക് രണ്ട് ചേച്ചിമാര്‍ ഉണ്ടെന്നും ഒരാള്‍ ഗുരുവായൂരിലും, മറ്റൊരാള്‍ കൊച്ചിയിലും ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നതെന്നും അറിയിച്ചു. ഇതില്‍ കൊച്ചിയില്‍ താമസിച്ച് പഠിക്കുന്ന ചേച്ചിക്ക് പനിയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അമ്മ സെല്‍വിയോടൊപ്പം ചേച്ചിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരാന്‍ പോയതാണെന്നും കുട്ടി പൊലിസിനെ അറിയിച്ചു.
തിരിച്ച് വരുമ്പോള്‍ ട്രെയിനിലാണ് വന്നതെന്നും വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി തുടര്‍ന്ന് ബസില്‍ പോകുന്നതിനായിരുന്നു പദ്ധതിയെന്നും കുട്ടി വിശ്വസിപ്പിച്ചു. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തനിക്ക് മൂത്രശങ്ക ഉണ്ടായതായും ഇതിനിടയില്‍ അമ്മയും ചേച്ചിയും മണ്ണാര്‍കാട്ടേക്കുള്ള ബസില്‍ കയറി പോയതായും കുട്ടി വ്യക്തമാക്കി. ഇതോടെ പൊലിസ് വിവിധ പൊലിസ് സ്റ്റേഷനുകളിലേക്ക് സന്ദേശമയച്ചു. അഗളി പൊലിസ് കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് പത്ത് വയസുകാരന്‍ കെട്ടിചമച്ച തിരക്കഥ പൊളിയുന്നത്. തന്റെ മകന്‍ വടക്കാഞ്ചേരി എം.ആര്‍.എസിലാണ് പഠിക്കുന്നതെന്നായിരുന്നു അമ്മയുടെ മൊഴി. തുടര്‍ന്ന് മാതാവ് എം.ആര്‍.എസുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി ചാടി പോയ വിവരം സ്‌കൂള്‍ അധികൃതര്‍ പോലും അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."