ജനത്തെ വലച്ച് കെ.എസ്.ആര്‍.ടി.സി: റദ്ദാക്കിയ ഗ്രാമീണ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ നടപടിയില്ല
കല്‍പ്പറ്റ: കിതച്ചോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ അധികൃതരുടെ വക തല തിരിഞ്ഞ നടപടി.
അത്യാവശ്യം കളക്ഷനുള്ള ഗ്രാമീണ സര്‍വിസുകള്‍ റദ്ദാക്കിയും കലക്ഷന്‍ തീരെയില്ലാത്ത സര്‍വിസുകള്‍ നടത്തിയുമാണ് ജില്ലയില്‍ അധികൃതര്‍ പൊതുമേഖല സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നത്.
മുന്നറിയിപ്പില്ലാതെ രാത്രി സര്‍വിസുകള്‍ റദ്ദാക്കിയതോടെ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലെ യാത്രക്കാരാണ് ഏറെ വലഞ്ഞിരിക്കുന്നത്. യാത്രാ ക്ലേശം ഏറെ രൂക്ഷമായ കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടിലെ രാത്രി സര്‍വിസുകള്‍ റദ്ദാക്കിയതോടെ സ്ത്രീകള്‍ ഉള്‍പെടെയുള്ള നിരവധി യാത്രക്കാര്‍ വീടുകളിലെത്താന്‍ പ്രയാസപ്പെടുകയാണ്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലാത്തതിനാലാണ് സര്‍വിസുകള്‍ റദ്ദാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജില്ലയില്‍ ഇത്തരത്തില്‍ 37ഓളം സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും ടയര്‍ ക്ഷാമമാണ് പ്രധാന കാരണമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ സര്‍വിസുകള്‍ മുടങ്ങി ദിവസങ്ങളായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്കായിട്ടില്ല.
രാത്രി 8.30ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സര്‍വിസ് റദ്ദാക്കിയിട്ട് ഒരാഴ്ചയോളമായി.
8.30ന് കല്‍പ്പറ്റയില്‍ നിന്നാരംഭിച്ച് 9.30ന് മുണ്ടക്കൈയില്‍ എത്തുന്ന ബസ് പിറ്റേന്ന് രാവിലെ 6.50ന് കുറുമ്പാലക്കോട്ടയിലേക്കാണ് സര്‍വിസ് നടത്തുന്നത്. സ്ഥിരം യാത്രക്കാര്‍ക്ക് പുറമേ, വിദ്യാര്‍ഥികളും രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും ഈ ബസിനേയാണ് ആശ്രയിക്കുന്നത്. കൂടാതെ വൈകിട്ട് 6.10 കഴിഞ്ഞാല്‍ അടുത്ത ബസിനായി 9.15 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. രാത്രി സര്‍വിസുകള്‍ക്ക് പുറമേ, പകലിലും അപ്രഖ്യാപിത സര്‍വിസ് റദ്ദാക്കല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. റൂട്ടിലെ മേപ്പാടി-ചൂരല്‍മല സമാന്തര ജീപ്പ് സര്‍വിസ് കാരണം കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്നും ജനങ്ങള്‍ സഹകരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ ന്യായം. എന്നാല്‍ നിയമ വിരുദ്ധമായ സമാന്തര സര്‍വിസുകള്‍ക്കെതിരേ നടപടി എടുക്കേണ്ടത് ആര്‍.ടി.ഒ ആണെന്നും ജനങ്ങളല്ലെന്നും യാത്രക്കാരും പറയുന്നു. അധികൃതരുടെ അനാസ്ഥ കാരണമാണ് റൂട്ടില്‍ കളക്ഷന്‍ കുറയുന്നതെന്നും കല്‍പ്പറ്റ-വടുവന്‍ചാല്‍, കല്‍പ്പറ്റ-മുണ്ടക്കൈ, ചൂരല്‍മല, അട്ടമല റൂട്ടുകളിലെ ടൈം ഷെഡ്യൂളുകള്‍ പരിഷ്‌കരിച്ചാല്‍ സര്‍വിസുകള്‍ ലാഭത്തിലാക്കാമെന്ന് യാത്രക്കാരും പറയുന്നു. ചൂരല്‍മല ഭാഗത്തേക്കുള്ള മിക്ക കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ക്ക് തൊട്ട് മുന്നിലായാണ് വടുവന്‍ചാല്‍ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത്. മേപ്പാടി-ചൂരല്‍മല റൂട്ടില്‍ വില്ലനാകുന്നത് സമാന്തര ടാക്‌സി സര്‍വിസാണ്. പകല്‍സമയങ്ങളില്‍ മാത്രമാണ് ഇവര്‍ നിരത്തിലുണ്ടാവുക. കെ.എസ്.ആര്‍.ആര്‍.ടി.സിക്ക് മുന്നിലും പിന്നിലുമായുള്ള ഇവയുടെ ഓട്ടം കളക്ഷന്‍ കുറയാന്‍ ഇടയാക്കുന്നതായി പരാതിയുണ്ട്. സമാന്തര ടാക്‌സി സര്‍വിസുകളെ നിയന്ത്രിച്ചാല്‍ തന്നെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ലാഭത്തിലാക്കാമെന്നിരിക്കെ, ഇതിനെതിരേ പരാതി നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."