ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍
കോടഞ്ചേരി: ജീരകപ്പാറ വനാതിര്‍ത്തിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഈമാസം 16ന് രാത്രി സംഘം എത്തിയ ജീരകപ്പാറ മണ്ഡപത്തില്‍ ജോസിന്റെ വീട്ടില്‍ തന്നെയാണ് കഴിഞ്ഞദിവസവും മൂന്നംഗ മാവോയിസ്റ്റുകള്‍ എത്തിയത്. രാത്രി പത്തരയോടെ എത്തിയ മാവോയിസ്റ്റ് അംഗങ്ങള്‍ വീട്ടുടമ ജോസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ജോസും മകനും ബഹളം വച്ചപ്പോള്‍ അയല്‍വാസികള്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് സംഘം കാട്ടിലേക്കു മടങ്ങുകയായിരുന്നു.
ജോസിന്റെ മകന്‍ റോബിനാണ് മാവോയിസ്റ്റ് സംഘത്തിലെ ആയുധധാരിയെ ആദ്യം കണ്ടത്. ഭയന്ന മകന്‍ റോബിന്‍ ബഹളം വച്ചപ്പോള്‍ ജോസ് വളര്‍ത്തുനായയെ അഴിച്ചുവിട്ടു. നായ കടിക്കാന്‍ പാഞ്ഞടുത്തപ്പോള്‍ സംഘത്തിലെ ഒരാള്‍ വീടിനുള്ളിലേക്കു ചാടിക്കയറി. നിസാര പരുക്കേറ്റിട്ടുണ്ട്. നായയെ കൂട്ടിലടച്ചില്ലെങ്കില്‍ വെടിവയ്ക്കുമെന്നു പറഞ്ഞ് റോബിനുനേരെ തോക്കു ചൂണ്ടി.
ഇതേതുടര്‍ന്ന് പേടിച്ച വീട്ടുകാര്‍ നായയെ കൂട്ടിലടച്ചു. ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു. മാവോയിസ്റ്റുകള്‍ വീണ്ടും വന്നേക്കുമെന്ന ഭയത്തില്‍ ജോസും കുടുംബവും രാത്രിയില്‍ തന്നെ ബന്ധുവിന്റെ വീട്ടിലേക്കു താമസം മാറ്റി. ഈ മാസം 16നു വന്ന സംഘം തന്നെയാണ് ഇപ്പോഴും വന്നതെന്നു ജോസ് പറയുന്നു. കോടഞ്ചേരി പൊലിസും മാവോയിസ്റ്റ് അന്വേഷണ സ്‌പെഷല്‍ സ്‌ക്വാഡും ജോസിന്റെ വീട്ടിലെത്തി പരിശോധന നടത്തി.
അതേസമയം മാവോയിസ്റ്റുകള്‍ക്കു വേണ്ടി ഊര്‍ജിതമായ അന്വേഷണ നടത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എം.ഐ ഷാനവാസ് എം.പി സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."