വരള്‍ച്ച കടുക്കുന്നു; കാലം തെറ്റിയ നിര്‍മാണം കാരണം തടയണകള്‍ നോക്കുകുത്തിയാകുന്നു
വണ്ടൂര്‍: കാലവര്‍ഷവും തുലാവര്‍ഷവും പതിവു തെറ്റിച്ചതോടെ മലയോര മേഖല വരള്‍ച്ചയുടെ പിടിയലമരുന്നു. പ്രതിരോധത്തിനായുള്ള തടയണ നിര്‍മാണം കാലം തെറ്റിയതാണെന്ന് ആക്ഷേപം.
വരള്‍ച്ച തടയാന്‍ ഓരോ വര്‍ഷവും വിവിധ പദ്ധതികളും ഫണ്ടുകളും ഉണ്ടെങ്കിലും വരള്‍ച്ചയുടെ തോത് കൂടി വരികയാണ്. ഇതില്‍ 90 ശതമാനം വരള്‍ച്ചാസ്ഥലങ്ങളും വരള്‍ച്ചയുടെ തോതും നാട്ടുകാര്‍ക്കും പഞ്ചായത്തധികൃതര്‍ക്കും മുന്‍ കൂട്ടി അറിയാമെങ്കിലും തടയണ നിര്‍മാണം ഇത്തവണയും പലതോടുകളിലും വൈകിയാണ് തുടങ്ങിയത്. മഴ കുറയുന്നതോടെ തന്നെ തടയണകള്‍ നിര്‍മിച്ചാല്‍ മാത്രമെ ഫലം ലഭിക്കുവെന്നിരിക്കേ നിര്‍മിച്ചവയില്‍ പലതും വെള്ളം വറ്റിയ തോടുകളിലായതോടെ സര്‍ക്കാര്‍ ഫണ്ട് നഷ്ടപെടുത്താന്‍ മാത്രമായി. തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ മുഖേനെയാണ് മിക്ക പഞ്ചായത്തുകളിലും തടയണ നിര്‍മാണം നടത്തിയത്. ഇതിനായി ഉദ്ഘാടന മാമാങ്കങ്ങളും തകൃതിയായി നടത്തി. എന്നാല്‍ മിക്ക തോടുകളിലെ തടയണകളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഇതോടെ കോടികളാണ് തടയണ നിര്‍മാണത്തില്‍ കലങ്ങിയത്. തുടര്‍ന്ന് വേനല്‍ മഴ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇക്കുറി അതും വേണ്ട രീതിയില്‍ ഉണ്ടായില്ല. ഇനി മാസങ്ങള്‍ കഴിഞ്ഞെത്തുന്ന മഴക്കാലത്ത് വരുന്ന വെള്ളത്തിന്റെ ഒഴുക്കില്‍ ഈ തടയണകളും പോകും. അതിനൊപ്പം ഫണ്ടുകളും പദ്ധതികളും നിരവധിയാളുകളുടെ അധ്വാനവും.
എന്നാല്‍ ഒരിക്കലും വറ്റാത്ത പൊതു കുളങ്ങളും കിണറുകളും ഉണ്ടെന്നിരിക്കെ നിയമത്തിന്റെ നൂലാമാലകളാല്‍ ഇവ ഇന്നും ഉപകാരമില്ലാതെ കിടക്കുകയാണ്. ചുരുങ്ങിയ ചെലവില്‍ നന്നാക്കാന്‍ പറ്റുന്ന ഇത്തരം ജല സ്രോതസുകളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."