ബിമലിന്റെ ഓര്‍മയില്‍ സാംസ്‌കാരിക ഗ്രാമത്തിന് തറക്കല്ലിട്ടു
വടകര: അകാലത്തില്‍ വിടപറഞ്ഞ നാടക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ കെ.എസ് ബിമലിന്റെ ഓര്‍മയില്‍ സുഹൃദ്‌സംഘം നിര്‍മിക്കുന്ന സാംസ്‌കാരിക ഗ്രാമത്തിനു ജന്മനാടായ എടച്ചേരിയില്‍ തറക്കല്ലിട്ടു. പ്രമുഖ വാസ്തുശില്‍പി യൂജിന്‍ പണ്ഡാലെയാണു ശിലാസ്ഥാപനം നിര്‍വഹിച്ചത്. വിദ്യാര്‍ഥികളും സൃഹൃത്തുക്കളും കുടുംബാഗങ്ങളും നാട്ടുകാരുമടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
എടച്ചേരിയില്‍ മാഹി കനാലിനു സമീപം വേങ്ങോളിയില്‍ സുഹൃത്തുക്കള്‍ വാങ്ങിയ ഒരേക്കറോളം സ്ഥലത്താണു സാംസ്‌കാരിക ഗ്രാമം നിര്‍മിക്കുന്നത്. അഡ്വ. എം. സിജു, കെ.പി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ശിലാസ്ഥാപനം നിര്‍വഹിച്ചു. ബിമലിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ ഒന്നിനു രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്മാരകസ്തൂപത്തിന്റെ അനാഛാദനം ബിമലിന്റെ വിദ്യാര്‍ഥിനി അമയ നിര്‍വഹിച്ചു. ചിത്രകാരനായ രാജേഷ് കെ. എടച്ചേരിയാണു സ്മാരകസ്തൂപം രൂപകല്‍പന ചെയ്തത്.അനുസ്മരണത്തിന്റെ ഭാഗമായി എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കഥ, കവിത, ചിത്രരചനാ മത്സരങ്ങള്‍ നടന്നു. വൈകിട്ടു നടന്ന അനുസ്മരണ സമ്മേളനം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. വിനോദന്‍ അധ്യക്ഷനായി. അഞ്ച്, ആറ്, ഏഴ് തിയതികളില്‍ വടകര ടൗണ്‍ഹാളില്‍ ബിമല്‍ തിയറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നാടകോത്സവം നടക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."