ചെങ്ങന്നൂര്‍ എന്ന ചൂണ്ടുപലക
ചെങ്ങന്നൂരിലെ ജനവിധി അസന്നിഗ്ധമാണ്. തെരഞ്ഞെടുപ്പ് നടന്ന പത്ത് പഞ്ചായത്തുകളിലും ഏക നഗരസഭയിലും ലീഡ് നല്‍കി, ഇടതുമുന്നണിക്ക് രണ്ടു വര്‍ഷം മുമ്പുണ്ടായിരുന്ന ഭൂരിപക്ഷം മൂന്നിരട്ടിയാക്കി അര്‍ഥശങ്കക്കിടമില്ലാത്ത വിധമാണ് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്. തീര്‍ച്ചയായും ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഇതില്‍ ഗുണപാഠമുണ്ട്. തിരിച്ചടിയേറ്റ യു.ഡി.എഫിന്, പ്രത്യേകിച്ച് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ആത്മപരിശോധന നടത്താനുള്ള അവസരമാണിത്.
കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ ആശയക്കുഴപ്പത്തിലായിരുന്നു എന്നതാണ് നേര്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണ വിഷയങ്ങള്‍ നിശ്ചയിക്കുന്നതില്‍ വരെ അത് കാണാമായിരുന്നു. മൃദുഹിന്ദുത്വ സമീപനം ഘടകകക്ഷികള്‍ പോലും കോണ്‍ഗ്രസിനെതിരെ ആരോപിക്കുന്ന രാജ്യത്തെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ വിജയകുമാറിനെ പോലെയൊരാളെ ആയിരുന്നില്ല സ്ഥാനാര്‍ഥിയാക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസില്‍ തന്നെയും അഭിപ്രായമുയര്‍ന്നിരുന്നു. പക്ഷെ, നേതൃത്വം അത് ചെവിക്കൊണ്ടില്ല. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തില്‍ പോലും യു.ഡി.എഫിന് ഗുണം ചെയ്തില്ല. ന്യൂനപക്ഷ കേന്ദ്രങ്ങളായ ചെങ്ങന്നൂരും പാണ്ടനാട്ടും മാന്നാറിലുമൊക്കെ അത് തിരിച്ചടിയാവുകയും ചെയ്തു.
പ്രചാരണ വിഷയങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഇതിലും വലിയ അബദ്ധമാണ് കോണ്‍ഗ്രസ് കാണിച്ചത്. വിലക്കയറ്റം, മദ്യനയം തുടങ്ങിയവ തീര്‍ച്ചയായും ചെങ്ങന്നൂരില്‍ വലിയ ഓളമുണ്ടാക്കുമായിരുന്നു. എന്നാല്‍, നേതാക്കള്‍ ഇവ തൊട്ടതേയില്ല. എല്ലാ അമ്പും പിണറായി വിജയനു നേരെയായിരുന്നു തൊടുത്തത്.
പിണറായി വധം ആട്ടക്കഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പത്ത് വര്‍ഷം മുമ്പ് ലാവ്‌ലിന്‍ കേസ് തൊട്ട് ആരംഭിച്ചതാണിത്. യഥാര്‍ഥത്തില്‍ ലാവ്‌ലിന്‍ കേസിലൂടെ പിണറായി വേട്ട തുടങ്ങിവച്ചത് കോണ്‍ഗ്രസല്ല; കേരളത്തിലെ ഒന്നു രണ്ടു പത്രങ്ങളും ചില ചാനലുകളുമാണ്. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. അത് തീര്‍ച്ചയായും അഴിമതിയോടുള്ള ധര്‍മയുദ്ധമായിരുന്നില്ല.
അങ്ങനെയെങ്കില്‍ ലാവ്‌ലിന്‍ കരാറിനു തുടക്കമിട്ട ജി. കാര്‍ത്തികേയനെക്കൂടി അവര്‍ ലക്ഷ്യംവയ്‌ക്കേണ്ടതായിരുന്നു. ഇക്കാര്യം പിന്നീട് കോടതി തന്നെ വ്യക്തമാക്കി. കേസ് തുമ്പില്ലാതായിട്ടും പിണറായി വേട്ട അവര്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. അതവര്‍ തുടരട്ടെ. പക്ഷെ, ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന് പിണറായി വേട്ട കൊണ്ടു മാത്രം പിടിച്ചു നില്‍ക്കാനാവില്ല.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കളാണ് പത്രങ്ങളില്‍ വിമര്‍ശന ലേഖനങ്ങള്‍ എഴുതിയത്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍. പിണറായിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുകയായിരുന്നു മൂന്നു ലേഖനങ്ങളും. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആളെന്ന നിലയില്‍ വലിയ പങ്ക് വിമര്‍ശനം പിണറായിക്ക് നേരെയാവാം. പക്ഷെ, അത് മാത്രമാവുമ്പോള്‍ അരോചകമാവും. എല്ലാം കാണുകയാണല്ലോ ജനം.
റേഷന്‍ വിതരണം താറുമാറായിട്ടും ഭക്ഷ്യമന്ത്രിയെക്കുറിച്ച് ഒരക്ഷരമില്ല മൂന്നു ലേഖനങ്ങളിലും. ഏറ്റവും മോശമായി ഭരണനിര്‍വഹണം നടക്കുന്ന വകുപ്പാണ് വനം. തന്റെ വകുപ്പിനെക്കുറിച്ച് മന്ത്രിക്ക് ഒരു തിട്ടവുമില്ലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് തന്നെ പരാതിയാണ്.
ഇത്തരം വേറെയും വകുപ്പുകളുണ്ട്. പക്ഷെ എല്ലാ പഴിയും ആഭ്യന്തര വകുപ്പിനായിരുന്നു. പൊലിസിനെ വിമര്‍ശിക്കാം. എന്നാല്‍, വിമര്‍ശനമുക്തമായ ഒരു പൊലിസ് ഭരണം ഇന്നേവരെ ഉണ്ടായിട്ടില്ലെന്നതും ഇതോടു ചേര്‍ത്തുവായിക്കണം. നവാബ് രാജേന്ദ്രനെ ഓര്‍ക്കുന്നുണ്ടാവും. പത്രാധിപരായിരുന്നു, ആക്ടിവിസ്റ്റായിരുന്നു. കെ. കരുണാകരനെതിരായ തട്ടില്‍ എസ്റ്റേറ്റ് തിരിമറി പുറത്തുകൊണ്ടുവന്നതിന് തൃശൂരിലെ പൊലിസ് സ്റ്റേഷനിലിട്ട് അദ്ദേഹത്തെ മര്‍ദിച്ച് ജീവച്ഛവമാക്കി. എത്ര പത്രങ്ങള്‍ അതിനെതിരെ പ്രതികരിച്ചു.
അടിയോരുടെ പെരുമന്‍ വര്‍ഗീസിനെ പൊലിസ് കൈകാലുകള്‍ കെട്ടിയാണ് വെടിവച്ചു കൊന്നത്. എനിക്ക് ശവശരീരം വേണമെന്ന് ഒരുപൊലിസ് മേധാവി പരസ്യമായി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാലക്കാട്ടെ ബാലിക സിറാജുന്നീസ വെടിയേറ്റു മരിച്ചത്. ആ പൊലിസ് തന്നെയാണ് ഇപ്പോഴുമുള്ളത്. അവര്‍ മാറുകതന്നെ വേണം. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.
പക്ഷെ, ഒരാളെ ഒറ്റതിരിഞ്ഞു ആക്രമിക്കുകയല്ല വേണ്ടത്. അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടാവുന്നുണ്ടെന്ന വസ്തുതയും കാണാതിരിക്കരുത്. അത് ചെറിയ കാര്യമല്ല. ജനങ്ങള്‍ അത് അറിയുന്നുണ്ട്, വിലയിരുത്തുന്നുണ്ട്, വിധിയെഴുതുന്നുമുണ്ട്. ചെങ്ങന്നൂരില്‍ പ്രതിഫലിച്ചത് അതാണ്.
പിണറായി വിജയനില്‍ വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങളുണ്ടാവാം. എന്നാല്‍ വെറുക്കപ്പെടേണ്ട, നിരന്തരം വേട്ടയാടപ്പെടേണ്ടയാളാണ് അദ്ദേഹമെന്ന് ജനങ്ങള്‍ കരുതുന്നില്ല. കോണ്‍ഗ്രസ് അത് മനസിലാക്കണം. ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പുതിയ പ്രവര്‍ത്തനരീതി കൈക്കൊള്ളുക. നാട് കൂടെയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."