പുല്‍പ്പള്ളിയില്‍ ആരോഗ്യപ്രര്‍ത്തകര്‍ക്ക് സഹായംചെയ്ത യുവാവിന് പൊലിസിന്റെ മര്‍ദനം
പുല്‍പ്പള്ളി: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി മടങ്ങവേ ടൂറിസ്റ്റ് ഹോം മാനേജര്‍ക്ക് പൊലിസിന്റെ മര്‍ദനം. വയനാട് ലക്‌സിന്‍ ടൂറിസ്റ്റ് ഹോം മാനേജര്‍ പാളക്കൊല്ലി ഉദയക്കര രഞ്ജിത്ത് ദാസിനാണ് മര്‍ദനമേറ്റത്.പുറത്തും നടുവിനും കൈകാലുകളിലുമായി 28-ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
ശരീരമാകെ ലാത്തിയടിയേറ്റ യുവാവ് പുല്‍പ്പള്ളി സാമൂഹികോരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് വിശദ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രയിലേക്ക് മാറ്റി.വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ പുല്പള്ളി ട്രാഫിക് ജങ്ഷനിലാണ് രഞ്ജിത്തിന് മര്‍ദനമേറ്റത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടൂറിസ്റ്റ് ഹോമില്‍ താമസത്തിനുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറച്ചശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ട്രാഫിക് ജങ്ഷനില്‍ പൊലീസ് തടയുകയായിരുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ജോലിചെയ്യുന്ന ടൂറിസ്റ്റ് ഹോംവിട്ടുകൊടുത്തിട്ടുണ്ടെന്നും ഇവിടത്തെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് പോവുകയാണെന്ന് രഞ്ജിത്ത് പൊലിസിനോട് പറഞ്ഞെങ്കിലും സത്യാവസ്ഥ ബോധിപ്പിക്കുന്നതിന് മുന്‍പേ തന്നെ ഒരു പൊലീസുകാരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിക്കുകയും ഇതിനുപിന്നാലെ മറ്റു പൊലിസുകാരും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ച്ച് ആദ്യവാരം അടച്ചിട്ട ടൂറിസ്റ്റ് ഹോം പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും ആവശ്യപ്പെട്ടത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ തുറന്നുകൊടുത്തതെന്നും ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ വീട്ടിലായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തിയതാണെന്നും സ്ഥാപന ഉടമ ഷിജു വിന്‍സെന്റ് പറഞ്ഞു.
ഇതേ തുടര്‍ന്ന് ടൂറിസ്റ്റ് ഹോമിലെ മറ്റു ജീവനക്കാരും ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് പോയി. കഴിഞ്ഞ പ്രളയകാലത്തുള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ടൂറിസ്റ്റ് ഹോം സൗജന്യമായി വിട്ടുനല്‍കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്കുള്‍പ്പെടെ പരാതിനല്‍കിയിട്ടുണ്ട്.അതേ സമയം ഹോട്ടല്‍ ജീവനക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് തടഞ്ഞുനിര്‍ത്തിയതെന്നുമാണ് പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."