അഫ്ഗാനില്‍ വെടിനിര്‍ത്തല്‍ കരാറിനു നീക്കം
കാബൂള്‍: വെടിനിര്‍ത്തല്‍ കരാറിന് താലിബാന്‍ നീക്കം. അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി താലിബാന്‍ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി. യു.എസ് സൈന്യമാണു വിവരം പുറത്തുവിട്ടത്.
രഹസ്യയോഗത്തില്‍ വിവിധ വിദേശ സര്‍ക്കാരുകളുടെയും രാജ്യാന്തര സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തതായി അഫ്ഗാനിസ്താനിലെ യു.എസ് സേനാ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കള്‍സന്‍ പറഞ്ഞു. യോഗത്തില്‍ താലിബാന്റെ മുതിര്‍ന്നവരും മധ്യനിലയിലുള്ളവരുമടക്കമുള്ള നേതാക്കള്‍ പങ്കെടുത്തതായാണു വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍ക്കാന്‍ നിക്കള്‍സന്‍ തയാറായിട്ടില്ല.
അതേസമയം, അക്രമങ്ങളും സമാധാന പ്രക്രിയകളും ഒരേ സമയം തുടരുമെന്നും കൊളംബിയയിലെ 50 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തെ ചൂണ്ടിക്കാട്ടി നിക്കള്‍സന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹെല്‍മന്ദ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 50ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിക്കള്‍സനിന്റെ വിശദീകരണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുവച്ചിരുന്നു. താലിബാന്‍ വെടിനിര്‍ത്തലിനു തയാറായാല്‍ അവരെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുമെന്ന വാഗ്ദാനവും ഗനി നടത്തി. എന്നാല്‍, ഇതിനോട് താലിബാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല, സര്‍ക്കാരുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയ്ക്കും സന്നദ്ധമല്ലെന്ന നിലപാടിലായിരുന്നു ദീര്‍ഘകാലമായി താലിബാന്‍. അമേരിക്കയുമായി മാത്രമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താലിബാന്റെ പ്രഖ്യാപിത നിലപാട്. അമേരിക്കയാണ് സംഘവുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം അഫ്ഗാന്‍ വൃത്തങ്ങള്‍ക്കു മുന്‍പാകെ വച്ചതെന്നാണ് അറിയുന്നത്.
2015ല്‍ താലിബാന്‍-അഫ്ഗാന്‍ നേതാക്കളുടെ ഒരു അനുരഞ്ജന ചര്‍ച്ച പാകിസ്താനില്‍ നടന്നിരുന്നു. യോഗത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അന്നത്തെ മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ വധത്തോടെ ഇതു വീണ്ടും പഴയ നിലയിലേക്കു പോയി.കഴിഞ്ഞ മാസങ്ങളില്‍ ഇരുഭാഗത്തുനിന്നും ആക്രമണം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."