തടവുകാരെ വിട്ടയക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശിക്ഷയിളവ് നല്‍കി തടവുകാരെ ജയിലില്‍ നിന്നു മോചിപ്പിക്കുന്നതു ഹൈക്കോടതി തടഞ്ഞു. കേരളപ്പിറവിയാഘോഷത്തിന്റെ പേരില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇനിയൊരുത്തരവുണ്ടാകും വരെ ശിക്ഷായിളവു നല്‍കി തടവുകാരെ മോചിപ്പിക്കരുതെന്നു നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹരജി ഏപ്രില്‍ 12ന് പരിഗണിക്കാന്‍ മാറ്റി. ജയില്‍ശിക്ഷയില്‍ ഇളവു നല്‍കി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ജയില്‍ നിയമങ്ങളോ സര്‍ക്കാര്‍ നയമോ ഉണ്ടെങ്കില്‍ അക്കാര്യം ഉള്‍പ്പെടെ വ്യക്തമാക്കി സര്‍ക്കാര്‍ സമഗ്രമായ സത്യവാങ്മൂലം നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
കൊലപാതകക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെ ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പുറത്തിറങ്ങുന്നതു പൊതുസമൂഹത്തിനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് പി.ഡി. ജോസഫ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."